വീട്ടമ്മയുടെ മാല മോഷ്ടിക്കുന്നതിനിടെ വെട്ടേറ്റ പ്രതി പിടിയിൽ

ചങ്ങനാശേരി: ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ ആക്രമിച്ചു അഞ്ചു പവന്‍റെ സ്വർണമാല കവർന്നു സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി പിടിയിൽ. ചങ്ങനാശേരി ചെത്തിപ്പുഴ കൂനന്താനം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
മാമ്മൂട് ചൂരനോലിക്കൽ ഭാഗത്ത് തിനപ്പറന്പിൽ പരേതനായ കോശിയുടെ ഭാര്യ അന്നമ്മ (കുഞ്ഞമ്മ-75) ആണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്നതിനിടയിൽ ഇയാളെ വീട്ടമ്മ കറിക്കത്തിക്കു വെട്ടിയിരുന്നു. കൈത്തണ്ടയിൽ മുറിവേറ്റ ഇയാൾ രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചാണ് ഇയാൾ മാല പറിക്കാൻ എത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു.
കോട്ടയം പോലീസ് ചീഫ് എൻ.രാമചന്ദ്രന്‍റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ഡി.അജിത്, സിഐ ബിനു വർഗീസ്, എഎസ്ഐ കെ.കെ.റെജി എന്നിവരുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ 9.30ന് മാമ്മൂടിനടുത്ത് ചൂരനോലിക്കൽ ഭാഗത്താണ് സംഭവം നടന്നത്. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വീടിന്‍റെ സമീപത്ത് വാഹനം പാർക്ക് ചെയ്തശേഷം വീട്ടിനുമുന്പിലേക്ക് വന്നു. അടുക്കളയിൽ കപ്പപൊളിച്ചു കൊണ്ടിരുന്ന അന്നമ്മ ശബദംകേട്ട് വീടിന്‍റെ വാതിൽ തുറന്നു. കതക് തുറന്ന ഉടൻ മോഷ്ടാവ് അന്നമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി മാല പൊട്ടിച്ചെടുത്തു. വീട്ടമ്മ എതിർത്തപ്പോൾ മോഷ്ടാവ് അക്രമിക്കുകയും ബഹളവച്ചപ്പോൾ വായ് പൊത്തുകയും ചെയ്തു.വീട്ടിനുള്ളിൽ ബഹളംകേട്ട് റോഡിലൂടെ പോയ മത്സ്യകച്ചവടക്കാരി മോഹിനി ജനാലയിലൂടെ വീടിനുള്ളിലേക്ക് നോക്കി. അന്നമ്മയെ ഒരാൾ അക്രമിക്കുന്നതുകണ്ട് മോഹിനിയും അലറിവിളിച്ചു. ഇതിനിടയിൽ വീട്ടിൽനിന്നും മോഷ്ടാവ് ഇറങ്ങി ഓടി. പിന്നാലെ ഓടിയെത്തിയ അന്നമ്മ കൈയിലുണ്ടായിരുന്ന കറിക്കത്തികൊണ്ട് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിന്‍റെ ഇടതുകൈക്ക് വെട്ടി. കൈക്ക് പരിക്കേറ്റ് രക്തം വാർന്നൊഴുകുന്ന നിലയിൽ മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവ് രക്ഷപ്പെട്ട സ്കൂട്ടറിന്‍റെ നന്പർ മോഹിനി പോലീസിന് കൈമാറിയിരുന്നു. മകൻ ടോമിച്ചനും കുടുംബവും വിദേശത്തായതിനാൽ അന്നമ്മ തനിച്ചാണ് താമസിക്കുന്നത്.