ഭാര്യയുടെ സ്വര്‍ണം വിറ്റ പണവും സഹോദരന്റെ കാറുമായി യുവാവ് ഭര്‍തൃമതിക്കൊപ്പം മുങ്ങി

പയ്യന്നൂര്‍: ഭര്‍തൃമതിയായ വീട്ടമ്മയ്‌ക്കൊപ്പം നാട് വിട്ട യുവാവിന് പണി കൊടുത്ത് പോലീസും യുവതിയുടെ ഭര്‍ത്താവും. ഭാര്യയുടെ സ്വര്‍ണം വിറ്റ നാല് ലക്ഷം പണവും സഹോദരന്റെ കാറും ആയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയെ കൂട്ടി യുവാവ് മുങ്ങിയത്. പയ്യന്നൂര്‍ സ്വദേശിയായ യുവാവിനെയാണ് പെരിങ്ങോം എസ് ഐ പി സി സഞ്ജയ് കുമാര്‍ അറസ്റ്റ് ചെയ്തത്.

പെരിങ്ങോം പാടിയോട്ടുചാല്‍ കണ്ടുവാടിയില്‍ നിന്ന് കാണാതായ ഭര്‍തൃമതിയായ 23 കാരി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാനാക്കിയ സംഭവത്തില്‍ ജുവനൈല്‍ ആക്ട് പ്രകാരമാണ് രണ്ടാം പ്രതിയാക്കി ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ജുഡിഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Loading...

യുവതിയുടെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പെരിങ്ങോം എസ് ഐും വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വിദ്യ, സിന്ധു എന്നിവര്‍ അടങ്ങിയ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. കോടതി നടപടികള്‍ക്ക് ശേഷം ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസില്‍ ഒന്നാം പ്രതിയായി അറസ്റ്റ് രേഖപ്പെടുത്തും.

ഓഗസ്റ്റ് 26നാണ് ഇരുവരെയും കാണാതാകുന്നത്. യുവാവിനെ കാണാതായത് സംബന്ധിച്ച് സഹോദരന്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസും യുവതിയെ കാണാതായ സംഭവത്തില്‍ പെരിങ്ങോം പോലീസും കേസെടുത്തിരുന്നു. കോയമ്പത്തൂര്‍ തിരുപ്പൂരില്‍ താമസിച്ചിരുന്ന ഇരുവരും കൊയിലാണ്ടി തിരുവണ്ണൂരിലെത്തി വാടക വീട്ടില്‍ കഴിഞ്ഞു വരവേയാണ് പെരിങ്ങോം പോലീസ് ഇവരെ കണ്ടെത്തിയത്.

അതേസമയം വിവാഹത്തിന് പിന്നാലെ മറ്റൊരാള്‍ക്കൊപ്പം മുങ്ങിയ യുവതിയെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടി. കോവളത്തു നിന്നാണ് 32കാരിയായ യുവതിയെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ കൂടിയായ കാമുകന്റെ കൂടെ കണ്ടെത്തിയത്. കോവളം ഭാഗത്തു നിന്നും ഇവരെ വട്ടിയൂര്‍ക്കാവ് പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്.

രണ്ട് ദിവസം മുമ്പായിരുന്നു 32കാരിയും 36 കാരനും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ഭര്‍ത്താവിന് മെസേജ് അയച്ച ശേഷം വീട്ടില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു. കാമുകനൊപ്പം പോയ യുവതി ഭര്‍ത്താവിന് വോയിസ് മെസേജാണ് അയച്ചത്. തനിക്ക് ലഭിച്ച ആഭരണങ്ങള്‍ എടുത്തുകൊണ്ടായിരുന്നു യുവതി മുങ്ങിയത്.

തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാള്‍ക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം വിട്ടയച്ചു. സംഭവത്തില്‍ തനിക്ക് മാന നഷ്ടമുണ്ടായെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.