കള്ളന്‍മാരെ പേടിച്ച് 20 പവന്‍ സ്വര്‍ണം വീട്ടമ്മ പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചു ; ഒടുവില്‍ ആക്രിക്കാരന് വിറ്റു..!

തിരുവനന്തപുരം : കള്ളന്‍മാരെ പേടിച്ച് വീട്ടമ്മ 20 പവന്‍ സ്വര്‍ണം പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചു. ഒടുവില്‍ ഇക്കാര്യം ഓര്‍മ്മിക്കാതെ പേപ്പറുകള്‍ ആക്രിക്കാരന് വിറ്റു. കാരയ്ക്കാമണ്ഡപത്തിന് സമീപം പൊറ്റവിളയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. പഴയബുക്കുകളും പേപ്പറുകളും അടക്കമുള്ള പഴയ സാധനങ്ങളുമായി ഇയാള്‍ പോയ ശേഷമാണ് വീട്ടമ്മയ്ക്ക് സ്വര്‍ണം കവറില്‍ പൊതിഞ്ഞ് ബുക്കിലെ പേപ്പറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന കാര്യം ഓര്‍മ വന്നത്.

കരിമഠം കോളനിക്ക് സമീപം താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി സുബ്ഹ്മണ്യനെന്ന ആളാണ് വീട്ടമ്മയില്‍ നിന്നും ആക്രി സാധനങ്ങള്‍ വാങ്ങിയത്. അബദ്ധം മനസ്സിലായ വീട്ടമ്മ, ഉടന്‍ തന്നെ മകളുടെ സ്‌കൂട്ടറില്‍ സുബ്രഹ്മണ്യന്റെ അട്ടക്കുളങ്ങരയിലെ കടയില്‍ എത്തി സ്വര്‍ണം തിരികെ ചോദിച്ചു. എന്നാല്‍ താന്‍ കണ്ടില്ലെന്നും വഴിയില്‍ വീണുപോയിരിക്കാമെന്നുമാണ് ഇയാള്‍ മറുപടി പറഞ്ഞത്.

Loading...

സംഭവമറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കള്‍ കടയിലെത്തി ബഹളം വച്ചതോടെ ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. പരാതിയില്‍ വീട്ടമ്മ ഉറച്ചുനിന്നതോടെ ഇയാളുമായി കടയിലെത്തി പൊലീസ് നടത്തിയ പരിശോധനയില്‍ 17 പവന്‍ സ്വര്‍ണം കണ്ടെടുത്തു. തുടര്‍ന്ന് കടയുടമയെ കസ്റ്റഡിയിലെടുത്ത ഫോര്‍ട്ട് പൊലീസ്, ഇയാളെ നേമം പൊലീസിന് കൈമാറുകയും അവര്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വീട്ടമ്മയുടെ ബാക്കി മൂന്നുപവന്‍ സ്വര്‍ണം എവിടെയെന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്.