ഹുദൈദ തിരിച്ചു പിടിക്കാനുള്ള ഏറ്റുമുട്ടലില്‍ തലവന്‍മാരുള്‍പ്പെടെ ഇരുന്നൂറിലേറെ ഹൂതികളെ വധിച്ചു

യമന്‍ തുറമുഖ നഗരമായ ഹുദൈദ തിരിച്ചു പിടിക്കാനുള്ള ഏറ്റുമുട്ടല്‍ ശക്തമായി. ഏറ്റുമുട്ടലിനിടെ തലവന്മാരുള്‍പ്പെടെ ഇരുന്നൂറിലേറെ ഹൂതികളെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 140 പേര്‍ പിടിയിലായിട്ടുമുണ്ട്. അറബ് സഖ്യസേനയുടെ പിന്തുണയോടെയാണ് നീക്കം.

തന്ത്രപ്രധാന തുറമുഖമായ ഹുദൈദ മോചിപ്പിക്കുന്നതിനായി യമന്‍ സൈന്യവും സഖ്യസേനയും കഴിഞ്ഞ ഒരാഴ്ചയായി ഹുദൈദ തുറമുഖത്തിനരികില്‍ തമ്പടിച്ചിരിക്കുകയാണ്. ഹൂതി വിമതരുടെ അധീനതയിലുള്ള സുപ്രധാന നഗരമാണിത്. ഇത് മോചിപ്പിക്കാനായാല്‍ ഹൂതികളുടെ ശക്തി ക്ഷയിക്കും. ഈ കണക്ക് കൂട്ടലില്‍ മേഖല വിട്ടുകൊടുക്കാന്‍ യമന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഹൂതികള്‍ ഇതിന് കൂട്ടാക്കാത്ത സാഹചര്യത്തില്‍ യുദ്ധഭീതിയാണ് മേഖലയില്‍.

ഇതിനിടെ നടത്തിയ നീക്കത്തില്‍ 200ലെറെ ഹൂതികളെ വധിച്ചതായി യമന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ദരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 140 പേരെ പിടികൂടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ശരിയാണെങ്കില്‍ ഹൂതികളുടെ തിരിച്ചടിയും ശക്തമായ ഏറ്റുമുട്ടലും മേഖല പ്രതീക്ഷിക്കുന്നു. ഹുദൈദ തുറമുഖം വഴിയാണ് ഹൂതികള്‍ക്ക് ഇറാന്‍ ആയുധമെത്തിക്കുന്നതെന്ന് സൗദി സഖ്യ രാജ്യങ്ങള്‍ പറയുന്നു. ഇതുവഴിയാണ് മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നുകളും എത്തുന്നത്. മേഖല കയ്യടിക്കിവെച്ച ഹൂതികളെ തുരത്തിയാല്‍ വലിയ നേട്ടമാകും യമന്‍ സൈന്യത്തിന്.

Top