ആധുനികതയുടെ മധുരിമ നുണഞ്ഞ് ലോകം ദിനംപ്രതി മുന്നോട്ട് കുതിക്കുന്ന ഈ കാലഘട്ടത്തിലും വെളിച്ചം കയറാത്ത (കയറ്റാന്‍ ശ്രമിക്കാത്ത) ജനഹൃദയങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും വസിക്കുന്നു. ലൈംഗീകത ഒരു പാപമാണെന്ന് ആരോ എവിടെയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിവച്ച പുരാതന ലിഖിതങ്ങള്‍ മനഃപാഠമാക്കി ഈ നൂറ്റാണ്ടിലും മനുഷ്യര്‍ അധമത പ്രവര്‍ത്തിക്കുന്നു. ജനായത്തഭരണങ്ങള്‍ നിലവിലില്ലാതിരുന്ന കാലത്ത് കുലാധിപന്മാരും, ഗുണ്ടാരാജാക്കന്മാരും, സ്വപ്രഖ്യാപിത നാട്ടുപ്രമാണികളും, ആള്‍ ദൈവങ്ങളും അവരുടെ ആധിപത്യം കൈവിട്ടുപോകാതിരിക്കാനായി അപരിഷ്കൃത നിയമങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. ലൈംഗീക ബന്ധത്തില്‍ക്കൂടെയും സ്ത്രീകളിക്കൂടെയും മാത്രം ജന്മമെടുക്കാന്‍ കഴിവുള്ള പുരുഷവര്‍ഗം ലൈംഗീക ബന്ധങ്ങള്‍ക്കും, സ്ത്രീകള്‍ക്കും അതിരുകള്‍ വരച്ച് അടിമകളാക്കി. ചന്ദ്രനും, ചൊവ്വയു, ബുധനും, വ്യാഴവും ഒക്കെ ഒരു കാലത്ത് ദൈവമെന്ന് കരുതിയിരുന്നുവെങ്കില്‍ അവയൊന്നും ദൈവമല്ല, അവയില്‍ പലതിലും ജീവന്‍ പോലും നിലനില്‍ക്കാത്ത തണുത്തുറഞ്ഞ കല്ലും മണ്ണും പൊടിയും മാത്രമെന്ന് ശാസ്ത്രം തെളിയിച്ചു. എന്നിരുന്നാലും മനുഷ്യന്റെ ഹൃദയങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന അന്ധവിശ്വാസങ്ങളെ അതെല്ലെന്ന് പറഞ്ഞു തെളിയിക്കാന്‍ ഒരു ശാസ്ത്രത്തിനും സാധ്യമല്ല.
അതുപോലെ ഒന്നാണ് സുന്നത്ത് എന്ന അനാചാരം. ആണ്‍കുട്ടികള്‍ മൂത്രമൊഴിക്കുമ്പോള്‍ ലിംഗത്തിന്റെ അറ്റത്ത് നീണ്ടുനില്‍ക്കുന്ന തൊലിക്കടിയില്‍ മൂത്രമടിഞ്ഞുകൂടി അവയില്‍ അണുക്കള്‍ പെരുകി വൃണങ്ങളും, മറ്റ് രോഗങ്ങളും ഉണ്ടാകുന്നത് തടയാനാണ് ആദിമമനുഷ്യര്‍ ഈ ത്വക്ക് മുറിച്ചു കളയുന്നത് ആരംഭിച്ചതു്. കൂടാതെ ആണ്‍കുട്ടികളുടെ സ്വയംഭോഗശീലം തടയാനും. പിന്നീട് മതങ്ങള്‍ അതൊരു നിയമമാക്കി മാറ്റി. പഴയനിയമകാലഘട്ടത്തില്‍ പുരുഷനായി പിറക്കുന്നവര്‍ എല്ലാം സുന്നത്ത് നടത്തണമെന്ന് അക്കാലത്തെ മതങ്ങളും ചില ഗോത്രങ്ങളും നിയമം വച്ചു. എന്തും ഏതും ദൈവമെന്ന് സങ്കല്‍പ്പിക്കുന്നവരും, ദൈവത്തെ ഭയക്കുന്ന അവര്‍ ദൈവം പറയുന്നത് അക്ഷരംപ്രതി അംഗീകരിക്കുമെന്നും നന്നായി അറിയുന്ന ചില കുബുദ്ധികള്‍ ആ നിയമങ്ങള്‍ തെറ്റാതെ മനുഷ്യര്‍ പാലിക്കാനായി അതൊരു ദൈവ കല്‍പ്പനയെന്നും വരുത്തിത്തീര്‍ത്തു.
സുന്നത്ത് നടത്തുന്നത് പുരുഷര്‍ക്ക് ലൈംഗീക ശേഷി കൂട്ടുവാനും, ലിംഗശക്തി വര്‍ദ്ധിപ്പിക്കാനും, തൊലിക്കിടയില്‍ മൂത്രവും ശുക്ലവും തടഞ്ഞുനിന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത് തടയാനും ഉപകരിക്കും എന്ന് ചില പഠനങ്ങള്‍ പറയുന്നു. എന്നിരുന്നാലും മതമെന്തെന്നോ, ജാതിയെന്തെന്നോ, ലൈംഗീകത എന്തെന്നോ അറിയാത്ത പ്രായത്തില്‍ പിഞ്ചുപൈതങ്ങളെ അവരുടെ ലൈംഗീകാവയവത്തില്‍ മുറിവുണ്ടാക്കി വേദനിപ്പിക്കുന്നത് മാനുഷികമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ചിരിക്കുന്ന ആ നിയമങ്ങള്‍ യഹൂദരും, മുസ്ലീമുകളും, മറ്റു ചില ഗോത്രങ്ങളും ലോകത്തില്‍ അനുവര്‍ത്തിച്ചു വരുന്നു. ഇതൊരു ദൈവ കല്‍പ്പനയെങ്കില്‍ എന്തിനു മനുഷ്യര്‍ക്ക് ജന്മം നല്‍കുന്ന ദൈവം ഈ ത്വക്ക് ആ സ്ഥാനത്തു വച്ച് മനുഷ്യരെ സൃഷ്ടിച്ചു എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ പഴിപറഞ്ഞിട്ട് കാര്യമില്ല.
സുന്നത്തു പോലെതന്നെ ചില മതങ്ങളും ഗോത്രങ്ങളും അനുവര്‍ത്തിച്ചുവരുന്ന ഒരു ഹീന പ്രവര്‍ത്തിയാണ് സ്ത്രീകളില്‍ നടത്തുന്ന ചേലാകര്‍മ്മം. സുന്നത്ത് തുടങ്ങിയത് രോഗങ്ങള്‍ തടയാനാണെങ്കില്‍ ചേലാകര്‍മ്മം നടത്തുന്നത് സ്ത്രീകളുടെ ലൈംഗീക ശേഷി കുറയ്ക്കാനാണ്. ലൈംഗീക സുഖത്തിന്റെ പാരമ്യമായ രതിമൂര്‍ച്ഛ എന്തെന്ന് അവര്‍ അറിയാതിരിക്കാനാണ്. ഇതു ചെയ്യാത്ത സ്ത്രീകള്‍ ശരിക്കും ലൈംഗീക സുഖം അനുഭവിക്കുകയും ഒരു പുരുഷന്റെ മാത്രം ലൈംഗീകാടിമയായി കഴിയാതെ മറ്റു പുരുഷന്മാരെ തേടി അവര്‍ ഇറങ്ങുമെന്നും ഈ വിശ്വാസികള്‍ കരുതുന്നു. മറ്റു ചിലര്‍ കുടുംബത്തിലെ പെണ്‍മക്കള്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞ് കുടുംബത്തിന്റെ അന്തസ് നഷ്ടപ്പെടുത്താതിരിക്കാനായി ഇതനുവര്‍ത്തിക്കുന്നു.
എത്യോപ്യയ്ക്കും സുഡാനും ഇടയ്ക്കുള്ള ഒരു ആഫ്രിക്കന്‍ രാജ്യമാണ് എറിട്രിയ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചേലാകര്‍മ്മം ഏറ്റ സ്ത്രീകള്‍ ഉള്ള രാജ്യമായും ഈ എറിട്രിയയെ കാണാം. പെണ്‍കുട്ടികളില്‍ അവര്‍ ചേലാകര്‍മ്മം നടത്തുന്നത് മതവിശ്വാസങ്ങള്‍ കൊണ്ട് മാത്രമല്ല. മുകളില്‍ ഉദ്ധരിച്ച കാര്യമാണ് അതിന് ഏറ്റവും പ്രധാനം. സ്ത്രീകള്‍ വഴിപിഴച്ച് പോകാതിരിക്കണമെങ്കില്‍ ഇതുകൂടിയേ മതിയാവൂ എന്നാണ് അവിടുത്തുകാരുടെ വിശ്വാസം. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ അവരില്‍ ചേലാ കര്‍മ്മം നടത്തിയിരിക്കും. പലപ്പോഴും കത്തിയോ കത്രികകളോ ഉപയോഗിച്ചാണ് അവര്‍ ഇത് ചെയ്യുന്നത്. കൂടാതെ ശസ്ത്രക്രിയാ രംഗത്ത് ഒരു പരിശീലനവും ലഭിക്കാത്തവരും. ഈ ചേലാകര്‍മ്മ പ്രക്രിയയ്ക്കു ശേഷം ശരിയായ പരിചരണമില്ലാത്ത മുറിവുകളുമായി കഴിയുന്ന പെണ്‍കുട്ടികളുടെ ലൈംഗീകാവയവത്തിലുണ്ടാകുന്ന അണുബാധമൂലം അവിടെ ധാരാളം മരണങ്ങളും നടക്കുന്നു.
ആ സമൂഹം സ്ത്രീകളെ ലൈംഗീക ചിന്തകളില്‍ നിന്ന് അകറ്റാന്‍ ഇത്രയധികം ചെയ്യുന്നുണ്ടെങ്കിലും ലണ്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കറുത്തവംശജരായ ലൈംഗീക തൊഴിലാളികളികളില്‍ ഭൂരിഭാഗവും ഈ രാജ്യത്തുനിന്നുള്ള സ്ത്രീകള്‍ തന്നെ. നന്നേ ചെറുപ്രായം മുതല്‍ ഇവരെ ലൈംഗീകമായി ഉപയോഗിച്ചതിനു ശേഷം മടുക്കുമ്പോള്‍ ഇവരെ ലൈംഗീക തൊഴിലിനായി പണം വാങ്ങി പാശ്ചാത്യ സെക്‌സ് മാഫികകള്‍ക്ക് കൈമാറുന്നത് ഇവരുടെ ആണുങ്ങള്‍ തന്നെ.
ഈ രാജ്യത്തു ജനിച്ചു വളര്‍ന്ന് ഒടുക്കം ആര്‍ക്കും വേണ്ടാതെ പുറം ലോകത്തിനു ലൈംഗീക വേഴ്ചയ്ക്കായി എറിഞ്ഞുകൊടുത്ത ഒരു പാവം സ്ത്രീയാണ് ഹദാസ്. കുഞ്ഞുന്നാളില്‍ അവളെ ചേലാകര്‍മ്മം ചെയ്തപ്പോള്‍ ഉണ്ടായ വേദനകള്‍ അവള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ തന്നെ ഒരു പുരുഷന്‍ മതിവരുവോളം ആസ്വദിച്ചതിനു ശേഷം സെക്‌സ് റാക്കറ്റിനു കൈമാറിയതുമുതലുള്ള വേദന അവള്‍ അനുഭവിക്കുന്നു. ലൈംഗീക സുഖങ്ങള്‍ അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ലൈംഗീക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിന്റെയും, തന്റെ ശരീരം കൊത്തിപ്പറിക്കാനെത്തുന്ന കഴുകന്മാരെ ഭയന്നുമുള്ള വേദന. വിദ്യാഭ്യാസമുള്ള അവിടുത്തെ ആളുകള്‍ ഈ പ്രവര്‍ത്തിയെ എതിര്‍ക്കുമെങ്കിലും ഗോത്രത്തിനും മതത്തിനും ഇതു കൂടിയേ തീരൂ. ‘ആണിനു സുന്നത്തും പെണ്ണിനു ചേലാകര്‍മ്മവും അവരുടെ ലൈംഗീകാവയവങ്ങളില്‍ അല്ല വേണ്ടത്, ഈ പ്രവര്‍ത്തികള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്ന മതത്തിന്റെയും മനുഷ്യരുടെയും ഹൃദയങ്ങളിലാണ് വേണ്ടതെന്ന്’ ഹദാസ് പറയുന്നു.
ചേലാകര്‍മ്മം ആഫ്രിക്കയില്‍ മാത്രമൊ?
ചേലാകര്‍മ്മം എന്ന അധമ പ്രവര്‍ത്തിക്ക് ഇരയായ 130 മില്യന്‍ സ്ത്രീകള്‍ ലോകത്തില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബോറാ മുസ്ലീമുകളും പാകിസ്ഥാനികളും സ്ത്രീകളെ ചേലാ കര്‍മ്മത്തിനു വിധേയരാക്കാറുണ്ട്. അവര്‍ ഭാഗീകമായോ പൂര്‍ണമായോ സ്ത്രീകളില്‍ ഈ പ്രവര്‍ത്തി ചെയ്യുന്നു. ഭൂരിഭാഗം പാകിസ്ഥാനി സ്ത്രീകളും ചേലാ കര്‍മ്മത്തിനു വിധേയരാക്കപ്പെട്ടവരാണ് എന്നിരുന്നാലും ഗവണ്മെന്റും, ഗോത്രത്തലവന്മാരും ഈ വിവരം ലോകത്തിന്റെ മുമ്പില്‍ മറച്ചു വയ്ക്കുന്നു.
അതെ മനുഷ്യന്റെ ചിന്താഗതികള്‍ക്ക് മാറ്റമില്ലാതെ അന്ധവിശ്വാസങ്ങളെ ഹൃദയത്തില്‍ ആവാഹിച്ചു നമ്മള്‍ ഈ ലോകത്തില്‍ കാട്ടിക്കൂട്ടുന്നതെല്ലാം വിവരക്കേടുകള്‍ മാത്രം. മതാന്ധത മനുഷ്യനെ കാര്‍ന്നു തിന്നുന്നു. അതില്‍ നിന്ന് മോചനം പ്രാപിച്ച് മനുഷ്യനായി ചിന്തിച്ചു പ്രവര്‍ത്തിക്കുക! സുന്നത്ത് ഹൃദയത്തിലാവട്ടെ!