എന്നെ കാളി, കാക്ക എന്ന് പേരിട്ടു വിളിച്ചു, പഠനകാലം മുഴുവന്‍ കളിയാക്കല്‍ നേരിട്ട പെണ്‍കുട്ടിയുടെ കഥ ഇങ്ങനെ

പഠനകാലത്ത് കളിയാക്കല്‍ നേരിട്ട ഒരു പെണ്‍കുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കറുപ്പിന്റെ പേരില്‍ ആളുകളെ മാറ്റിനിര്‍ത്തുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. നിറത്തിന്റെ പേരില്‍ പഠനകാലം മുഴുവന്‍ കളിയാക്കലുകളും മാറ്റിനിര്‍ത്തലുകളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക് പേജിലൂടെ. കാക്കാ കാളി എന്നൊക്കെ കൂട്ടുകാര്‍ വിളിക്കുമായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു

ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

Loading...

ആറാം വയസ്സു മുതല്‍, മറ്റുള്ളവര്‍ എന്നെ വ്യത്യസ്തമായി പരിഗണിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ വച്ച്‌ എനിക്ക് ടോയ്‌ലറ്റില്‍ പോകാന്‍ തോന്നി. പക്ഷേ, അക്കാര്യം എന്റെ ടീച്ചറോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. ക്ലാസ് റൂമില്‍ വച്ച്‌ എന്റെ പാന്റ്സ് നനച്ചു. അതുകണ്ടപ്പോള്‍ അവര്‍ എന്നോട് ദേഷ്യത്തില്‍ പെരുമാറി. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ടീച്ചര്‍ ഒരിക്കലും അവരുടെ നേരെ കൈ ഉയര്‍ത്തിയിരുന്നില്ല.

ഞാന്‍ വലുതായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മറ്റുള്ളവര്‍ എന്നെ ‘കാളി’, ‘കാക്ക’ എന്നൊക്കെ കളിയാക്കി വിളിക്കുന്നത് പതിവായി. എന്റെ മുന്നിലൂടെ ആളുകള്‍ കടന്നുപോകുമ്ബോള്‍ അവര്‍ ഈ പേരുകള്‍ എന്നെ വിളിച്ചിരുന്നു. ചിലര്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനാല്‍ അതെനിക്ക് വ്യക്തമായി കേള്‍ക്കാനാകും. ഒറ്റപ്പെടല്‍ എന്നെ മാനസികമായി തകര്‍ത്തു.

ഈ അവസ്ഥയില്‍ നിന്ന് എന്റെ മനസ്സ് മാറ്റിയെടുക്കാനാണ് ഞാന്‍ വോളിബോളില്‍ ചേര്‍ന്നത്. എന്നാല്‍ എന്റെ ടീമിലെ പെണ്‍കുട്ടികളും എന്നെ ഒരു മാലിന്യമായാണ് പരിഗണിച്ചത്. അവര്‍ ഗ്രൂപ്പുകളായി നില്‍ക്കുകയും ‘അവള്‍ ഒരു അഴുക്കുചാലാണ്’ എന്നെന്റെ മുഖത്ത് നോക്കി വിളിക്കുകയും ചെയ്തു. പക്ഷേ, എനിക്കും അവരെപ്പോലെ കൂട്ടുകാരെ വേണം. അതുകൊണ്ട് ഞാന്‍ ഒരു ‘ഹായ്’ നേടുന്നതിനായി ചൂഷണങ്ങളും കളിയാക്കലുകളും ഏറ്റുവാങ്ങി.

ഞാന്‍ കോളജില്‍ എത്തിയപ്പോള്‍ ഒരു ആണ്‍കുട്ടിയുമായി അടുത്തു. ഞങ്ങള്‍ മികച്ച സുഹൃത്തുക്കളായിരുന്നു. അവന്‍ എനിക്ക് ഭക്ഷണം വാങ്ങിത്തരും, സ്നേഹത്തോടെ പെരുമാറും. ഒരിക്കല്‍ ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് ആരോ ചോദിച്ചു. അവന്‍ അവരോട് പറഞ്ഞു, ‘നിങ്ങള്‍ക്കെന്താ ഭ്രാന്താണോ? നിങ്ങള്‍ അവളുടെ മുഖം കണ്ടിട്ടുണ്ടോ? അവളൊരു കാളിയാണ്!’

സഹപാഠികളുടെ ഇത്തരം അഭിപ്രായങ്ങള്‍ എന്റെ ആത്മവിശ്വാസത്തെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഞാന്‍ അനുവദിച്ചില്ല. എന്നിട്ടും ദിവസവും ഞാന്‍ കരയുകയും കഷ്ടിച്ച്‌ മാത്രം ഉറങ്ങുകയും ചെയ്തു. പിന്നീട് ഒരാളുമായി ഡേറ്റിങ് ആരംഭിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. എന്റെ സുഹൃത്താണെന്ന് ഞാന്‍ വിശ്വസിച്ച ഒരു വ്യക്തി, വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഒരു ഇരുണ്ട പെണ്‍കുട്ടിയുടെ മീം അയച്ചു. അവര്‍ എന്റെ കാമുകനെ ടാഗു ചെയ്ത് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘സഹോദരാ, ശ്രദ്ധിക്കൂ, നിങ്ങള്‍ ഈ ഇരുണ്ട കുഴിയില്‍ പ്രവേശിക്കാന്‍ പോകുന്നു, ശ്രദ്ധിക്കുക.’

ഞാനാകെ തകര്‍ന്നുപോയി. എനിക്ക് ഇതിനു മുന്‍പ് ഇത്രയധികം അരക്ഷിതാവസ്ഥ തോന്നിയിട്ടില്ല. എന്റെ കാമുകന്‍ ഒരിക്കലും എനിക്ക് വേണ്ടി നിലകൊള്ളാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചു. അയാള്‍ മിണ്ടാതിരുന്നു. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അദ്ദേഹം എനിക്കുവേണ്ടി യുദ്ധം ചെയ്യുന്നില്ലെന്ന് ഞാന്‍ ആരോപിച്ചു. പിന്നീട് സമാധാനത്തോടെ ചിന്തിച്ചു. ഞാന്‍ എനിക്കുവേണ്ടി പോരാടാതെ ഇരിക്കുമ്ബോള്‍ അദ്ദേഹം എനിക്കുവേണ്ടി പോരാടുമെന്ന് ഞാനെങ്ങനെ പ്രതീക്ഷിക്കും? എനിക്ക് എങ്ങനെ ഇക്കാര്യങ്ങള്‍ സഹിക്കാന്‍ കഴിയുന്നു?

അടുത്തിടെ, ഒരു പാര്‍ട്ടിയില്‍ ഈ വ്യക്തി എന്റെ അടുത്തുവന്ന് പറഞ്ഞു, ‘നിങ്ങള്‍ ഒരു ഇരുണ്ട സുന്ദരിയാണ്.’ ഞാന്‍ അവനോട് ഉടന്‍തന്നെ രക്ഷപ്പെടാന്‍ പറഞ്ഞു. പിന്നീട്, മീം അയച്ച വ്യക്തിയെ പോലും ഞാന്‍ അഭിമുഖീകരിച്ചു. എന്റെ ചര്‍മ്മത്തെക്കുറിച്ച്‌ ഒരിക്കലും മറ്റൊരു പരാമര്‍ശം നടത്തരുതെന്ന് അവനോട് പറഞ്ഞു. എന്റെയുള്ളില്‍ വീണ്ടും സന്തോഷം വരുന്നതായി തോന്നി. രാത്രിയില്‍ സമാധാനപരമായി ഉറങ്ങാനായി. നിങ്ങള്‍‌ക്കായി നിലകൊള്ളാന്‍ നിങ്ങള്‍ മാത്രമേയുള്ളൂ… കാരണം, നിങ്ങളുടെ കഥയിലെ ഹീറോ നിങ്ങളാണ്, നിങ്ങളെ രക്ഷിക്കാന്‍ മറ്റാരും വരില്ല!