യുവതികളെ അടിമപ്പണിക്കു വേണ്ടി കുവൈത്ത് മനുഷ്യക്കടത്ത്

യുവതികളെ അടിമപ്പണിക്കു വേണ്ടി കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റ് വിദേശത്തേക്കു കടത്തിയതായി വിവരം. ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ 2 യുവതികളെക്കൂടി അന്വേഷണ സംഘം കണ്ടെത്തി ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ദേശീയ അന്വേഷണ ഏജൻസിയും സംഭവം അന്വേഷിക്കുന്നുണ്ട്. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും കേസിൽ വിശദ റിപ്പോർട്ട് തയാറാക്കി ആഭ്യന്തരവകുപ്പിനു കൈമാറും.

നൂറിലധികം യുവതികളെയാണ് വിദേശത്തേയ്ക്ക് കടത്തിയിരിക്കുന്നത്. സൗജന്യ വീസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണു പ്രതികൾ യുവതികളെ കബളിപ്പിച്ചത്. കേസിലെ മുഖ്യസൂത്രധാരൻ മജീദ് (ഗാസലി), അജുമോൻ എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇവരുടെ കൂട്ടാളികളായ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

Loading...

കുട്ടികളെ പരിചരിക്കാനെന്ന വ്യാജേന 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു യുവതികളെ കുവൈത്തിലെത്തിച്ച് അടിമകളായി വിൽപന നടത്തിയത്. എതിർത്തവരെ സിറിയയിലെ ഐഎസ് ക്യാംപിലെത്തിച്ചും വിൽപന നടത്തി. കുവൈത്തിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടു രക്ഷപ്പെടുത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു പ്രാഥമിക അന്വേഷണം. അടിമക്കച്ചവടത്തിനു വഴങ്ങാത്തവരെ സിറിയയിലേക്കു കടത്തുന്നതായാണു രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതിയുടെ മൊഴി. എന്നാൽ സംഭവത്തെ കുറിച്ചു വ്യക്തമായ അറിവില്ലെന്നാണ് ഇന്ത്യൻ എംബസിയുടെ ആദ്യപ്രതികരണം.