പണം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ക്രൂരപീഡനം; കിട്ടാതെ വന്നപ്പോള്‍ വാട്സ്ആപ്പ് വഴി മുത്തലാഖ്

മുത്തലാഖ് ഇന്ത്യയില്‍ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ട് കുറച്ച് നാളായി. എന്നാല്‍ മുസ്ലീം സമൂഹത്തിലെ പല വിഭാഗങ്ങളും ഈ നിയമത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചിട്ടില്ല. മൊബൈല്‍ ഫോണിലൂടെയും, വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകള്‍ വഴിയുമൊക്കെ സജീവമായി മൊഴി ചൊല്ലല്‍ തുടരുകയാണ്. ഇത്തരത്തില്‍ വാട്സ്ആപ്പ് സന്ദേശത്തിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് 28കാരനും, ഇയാളുടെ രക്ഷിതാക്കള്‍ക്കും എതിരെയാണ് മഹാരാഷ്ട്രയിലെ താനെ പോലീസ് കേസെടുത്തിരിക്കുന്നത്.

തന്റെ ഫോണിലേക്ക് മുത്തലാഖ് സന്ദേശം അയച്ച് ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തിയെന്നാണ് 25കാരിയായ യുവതിയുടെ പരാതി. 2014ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് നാല് വയസ്സുള്ള മകനുണ്ട്. ഭര്‍തൃവീട്ടുകാര്‍ ഏറെ നാളായി തന്നെ ഉപദ്രവിച്ച് വരികയാണെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവ് ഇവരില്‍ നിന്നും 5 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നാണ് യുവതി പറയുന്നത്.

ഈ വര്‍ഷം മാര്‍ച്ച് 12നാണ് ഭര്‍ത്താവിന്റെ വാട്സ്ആപ്പ് സന്ദേശം ലഭിക്കുന്നത്. മുത്തലാഖ് ചൊല്ലിയെന്നായിരുന്നു സന്ദേശം. ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് യുവതി പരാതിയുമായി എത്തിയത്.

ഭര്‍ത്താവ് നദീം ഷെയ്ഖ്, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ മുസ്ലീം വനിതാ വിവാഹ അവകാശ സംരക്ഷണ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2017ലാണ് സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത്