കാമുകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി മരിച്ചു; ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം

ഹൈദരാബാദ്: കാമുകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സന്ധ്യാ റാണി എന്ന 25കാരിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. സെക്കന്ദരാബാദിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എന്നാൽ തീകൊളുത്തിയ കാർത്തിക്(28) എന്നയാളെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സെക്കന്ദരാബാദിൽ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ റിസപ്ഷനിസ്റ്റായിരുന്ന പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപ് ഇരുവരും ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞിരുന്നു. വിവാഹാഭ്യാർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് നയിച്ചത്.

Loading...

കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് പോകുന്നതിനിടെ ബൈക്കിലെത്തിയ കാർത്തിക് സന്ധ്യയോടു സംസാരിച്ചു. ഇതു പിന്നീട് വാഗ്വോദമാവുകയും സന്ധ്യയെ കാർത്തിക് തള്ളിയിടുകയും ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ സന്ധ്യയ്ക്കു മേൽ ഒഴിക്കുകയായിരുന്നു.

പെൺകുട്ടി ഓടിയെങ്കിലും ഇയാൾ പിന്നാലെയെത്തി തീ കൊളുത്തുകയായിരുന്നു. കരച്ചിൽ കേട്ട് ചുറ്റിലുമുള്ളവർ ഓടിയെത്തി തീയണച്ചെങ്കിലും സന്ധ്യക്ക് 60 ശതമാനം പൊള്ളലേറ്റു. ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു മരണം.