യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കത്രിക വെച്ച് മറന്നു, പുറത്തെടുത്തത് മൂന്ന് മാസം കഴിഞ്ഞ്

ഹൈ​ദ​രാ​ബാ​ദ്: രോഗിയായ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ മറന്ന് വെച്ച കത്രിക മൂന്ന് മാസത്തിന് ശേഷം നീക്കം ചെയ്തു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മൂന്ന് മാസം മുമ്പാണ് 33കാരിയായ യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാല്‍ ആശുപത്രി വിട്ടതിന് ശേഷം നിരന്തരമായി യുവതിക്ക് വയറ് വേദന അനുഭവപ്പെട്ടു.

കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എക്സ്റേ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്ന് രാവിലെയാണ് യുവതിയെ ശസ്ത്രക്രിയ ചെയ്ത് കത്രിക നീക്കം ചെയ്തത്. സംഭവത്തില്‍ ആശുപത്രി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസും അന്വേഷണം പ്രഖ്യാപിച്ചു.