മരിച്ചയാള്‍ ജീവിക്കുമോ എന്ന്‌ ചോദിച്ചാല്‍ ഉത്തരം പറയുക അത്ര എളുപ്പമല്ലെന്ന്‌ തുര്‍ക്കിയിലെ അങ്കാറ സ്വദേശി ബുലന്റ്‌ സോമേസിന്റെ കഥ കേട്ടാല്‍ മനസ്സിലാവും. ബുലന്റ്‌ എട്ട്‌ മാസത്തിനു മുമ്പ്‌ മരിച്ചതാണ്‌. പക്ഷേ ഡോക്‌ടര്‍മാരുടെ ഒരു അറ്റകൈ പ്രയോഗം അദ്ദേഹത്തെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ചു! കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അനക്കമില്ലാതായ ബുലന്റിന്‌ സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിട്ടും ഡോക്‌ടര്‍മാര്‍ നിരാശരായി. അദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തനം പുന:രാരംഭിച്ചില്ല. അവസാന കൈ എന്ന നിലയില്‍ ബുലന്റിനെ ഐസില്‍ പൂഴ്‌ത്തിവച്ച്‌ ഒരു ശ്രമം കൂടി നടത്തി. അത്‌ വിജയിക്കുകയും ചെയ്‌തു. അവയവങ്ങളില്‍ ഓക്‌സിജന്റെ കുറവു മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ശരീരോഷ്‌മാവ്‌ 30 ഡിഗ്രിയായി കുറയ്‌ക്കുന്ന വിവാദപരമായ ഹൈപ്പോതെര്‍മിയ തെറാപ്പിയാണ്‌ പരീക്ഷിച്ചത്‌. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ബുലന്റിന്റെ ഓര്‍മ്മശക്‌തിയില്‍ കാര്യമായ കുറവു സംഭവിച്ചു. ജീവിതത്തില്‍ സംഭവിച്ച പകുതി കാര്യങ്ങള്‍ ഈ നാല്‍പ്പതുകാരന്‍ മറന്നു പോയി. എന്തിനേറെ ഭാര്യയെയും രണ്ടു മക്കളെയും പോലും ഓര്‍മ്മിച്ചെടുക്കാന്‍ ഇയാള്‍ക്ക്‌ കഴിയുന്നില്ല. ഹൈപ്പോതെര്‍മിയ എന്ന ഐസ്‌ തെറാപ്പി വഴി ജീവന്‍ രക്ഷിക്കാമെങ്കിലും പലപ്പോഴും അത്‌ രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ബുലന്റ്‌ ഇതിന്‌ ഉദാഹരണമാണ്‌.