ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, അതുകൊണ്ട് ഒരു പ്രശ്നവുമില്ല ;നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത്‌ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ പാര്‍ലമെന്റില്‍ വിശദീകരിക്കവെ അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്’- മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭയിലെ മറ്റംഗങ്ങളില്‍ ചിരി പടര്‍ത്തി. ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി.

Loading...

ഉള്ളി വില ഉയരുന്നത് ഫലപ്രദമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചു. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു തുടങ്ങിയ കാര്യങ്ങള്‍ നടക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു.

ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉള്ളിയടക്കമുള്ള അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉള്ളിയുടെ വില 110 മുതല്‍ 160 രൂപ വരെയാണ്.

രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ വ്യത്യസ്ത പ്രതിഷേധവുമായി നേതാവ്!! ജന്‍ അധികാര്‍ പാര്‍ട്ടി നേതാവാണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധം നടത്തിയത്. പറ്റ്നയിലെ ബിജെപി ഓഫീസിന് മുന്നില്‍ ഉള്ളി വില്‍പ്പന നടത്തിയാണ് മുന്‍ എം.പിയും ജെ.എ.പി കണ്‍വീനറുമായ പപ്പു യാദവ് പ്രതികരിച്ചത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും സാധാരണക്കാരുടെ ഉന്നമനത്തിനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് പപ്പു യാദവ് ആരോപിച്ചു. വരും ദിവസങ്ങളില്‍ വില കുറയുമെന്ന് മന്ത്രി പറയുന്നു. അതുവരെ ആളുകള്‍ എന്താണ് ചെയ്യേണ്ടത്? പപ്പു യാദവ് ചോദിച്ചു.

രാജ്യത്ത് കിലോക്ക് 80-100 വരെ വിലവരുന്ന ഉള്ളി വെറും 35 രൂപയ്ക്കാണ് അദ്ദേഹം വില്‍പ്പന നടത്തിയത്. അതേസമയം, കുറഞ്ഞ നിരക്കില്‍ ഉള്ളി ലഭിക്കുന്നതറിഞ്ഞ് ബിജെപി ഓഫീസിന് മുന്നില്‍ ജനം തടിച്ചുകൂടി. ഉള്ളി വാങ്ങാന്‍ ജനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടത്.

ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ, വിവിധ രാജ്യങ്ങളില്‍നിന്നും ഉള്ളി രാജ്യത്ത് എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇറക്കുമതി ചെയ്ത ഉള്ളി വിപണിയില്‍ എത്തുകയോ, വില കുറയുകയോ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. കൂടാതെ, ഉള്ളി വില നിയന്ത്രിക്കുന്നതിനായി 11,000 ടണ്‍ ഉള്ളി തു​ര്‍​ക്കി​യില്‍നിന്നും ഇറക്കുമതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.