അത് മൂന്നാമനായ ശത്രുവല്ല’ സത്താറും സാലിഹും തന്നെ ;പെൺ ബുദ്ധിക്ക് പിന്നിലെ കുതന്ത്രം പൊളിച്ചടുക്കി കേരളാ പോലീസ്…

രാജേഷിനെ കൊലപ്പെടുത്തിയത് ‘മൂന്നാമനായ ശത്രു’ ആണെന്ന നൃത്താദ്ധ്യാപികയുടെ വെളിപ്പെടുത്തലുകൾ തള്ളി അന്വേഷണസംഘം. കഴിഞ്ഞ ദിവസം ഖത്തറില്‍ ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവതി വെളിപ്പെടുത്തിയ വിവരങ്ങള്‍ കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുമുള്ള തന്ത്രമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

രാജേഷിനെപ്പോലെ നിഷ്കളങ്കനായ ഒരു സാധാരണക്കാരനെ കൊലപ്പെടുത്താന്‍ തന്റെ മുന്‍ ഭര്‍ത്താവ് സത്താറിന് കഴിയില്ലെന്ന് പറഞ്ഞ് അയാള്‍ക്ക് ക്ളീന്‍ ചിറ്റാണ് യുവതി അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറിനേയും ഇയാളുടെ ജിംനേഷ്യത്തിലെ ട്രെയിനറും കുടുംബ സുഹൃത്തുമായ സാലിഹ് ബിന്‍ ജലാലിനുമെതിരെ മതിയായ തെളിവുകളുണ്ടെന്നും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പറഞ്ഞു.

Loading...

കേസില്‍ ഇതുവരെ ലഭിച്ച തെളിവുകളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും സംഭവത്തില്‍ സാലിഹിന്റെയും സത്താറിന്റെയും പങ്ക് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെടുംവരെ ആരും കുറ്റമേല്‍ക്കാറില്ലെന്നും കേസില്‍ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നേറുന്നതെന്നും തിരുവനന്തപുരം റേഞ്ച് ഐ. ജി മനോജ് എബ്രഹാം പ്രതികരിച്ചു.

രാജേഷ് കൊല്ലപ്പെട്ട ദിവസം സാലിഹും സത്താറും ഖത്തറിലുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സാലിഹ് കൃത്യം നിര്‍വ്വഹിക്കാന്‍ നാട്ടിലെത്തിയതിനും അതിനുശേഷം തിരികെ പോയതിനും എയര്‍പോര്‍ട്ടിലുള്‍പ്പെടെ തെളിവുകളുണ്ട്. കൊലപാതകത്തിന് മുമ്ബും ശേഷവും ഗൂഢാലോചന നടന്ന ശക്തികുളങ്ങരയിലെ വാടകവീട്ടില്‍ എത്തിയതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ സനുവിന്റെ മൊഴിയുണ്ട്.

കൊലപാതകത്തിനുപയോഗിച്ച കാറിന്റെ വാടകയും ഇന്ധനം നിറയ്ക്കാനുള്ള പണവും സാലിഹ് ബംഗളൂരുവില്‍ വച്ച്‌ കൈമാറിയതായി അവിടെ നിന്ന് കാറുമായി തിരിച്ചെത്തിയ ഓച്ചിറ സ്വദേശികളായ യുവാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സാലിഹിന് കൃത്യത്തിന് ശേഷം തിരികെ പോകാന്‍ ഖത്തറില്‍ നിന്നും ബാങ്ക് അക്കൗണ്ടില്‍ പണം വന്നതിന് തെളിവുണ്ട്. ഈപണം കൈമാറിയ യുവാവ് ഇപ്പോള്‍ കസ്റ്റഡിയിലാണ്.

യുവതിയുടെ രണ്ട് പെണ്‍മക്കളും സത്താറിന്റെ സംരക്ഷണയിലായതിനാല്‍ ഇവരുടെ സംരക്ഷണവും ഭാവിയും സുരക്ഷിതമാക്കാനുള്ള തന്ത്രമാകും യുവതി പയറ്റുന്നത്. യുവതിയും സത്താറുമായി വേര്‍പിരിഞ്ഞെങ്കിലും ഇരുവരുടെയും പേരിലുള്ള സ്വത്തുക്കള്‍ വിഭജിച്ചിട്ടില്ല. സത്താര്‍ കേസില്‍ പ്രതിയായാല്‍ ഇവ നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ടാകാം.