ഇനി പാട്ടുമായി വേദികളിലേക്കില്ല ;എസ്. ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചു

ബംഗളൂരു: തെന്നിന്ത്യയുടെ പ്രിയ ഗായിക എസ് ജാനകി ഇനി പാട്ടുമായി വേദികളിലേക്കില്ല. മൈസൂരുവില്‍ നടന്ന സംഗീത പരിപാടി ജീവിതത്തില്‍ അവസാനത്തേതാണെന്ന് എസ് ജാനകി പ്രഖ്യാപിച്ചു. ആയിരക്കണക്കിന് പേരാണ് അവരുടെ വിരാമ സംഗീത നിശയ്ക്ക് സാക്ഷിയായത്. പാട്ടുപാടി കുഴഞ്ഞിട്ടില്ലെങ്കിലും എസ് ജാനകി പാടി അവസാനിപ്പിക്കുകയാണ്. മൈസൂരുവിലെ മാനസഗംഗോത്രിയില്‍ പന്ത്രണ്ടായിരം വരുന്ന കേള്‍വിക്കാര്‍ക്ക് മുന്നിലാണ് താനിനി പാട്ടുമായി ഒരുവേദിയിലേക്കുമില്ലെന്ന് ജാനകി പ്രഖ്യാപിച്ചത്.

ഇപ്പോളാണ് എനിക്ക് പരിപാടി അവതരിപ്പിക്കാന്‍ സമയം കിട്ടിയത്. ഇത് അവസാനത്തെ സംഗീത പരിപാടിയാണ്. ഇനി ജീവിതത്തില്‍ ഞാനൊരു സംഗീത പരിപാടി ചെയ്യില്ലെന്ന് ജാനകി വ്യക്തമാക്കി. പാട്ടിനൊപ്പം ആറ് പതിറ്റാണ്ടിലധികം നീണ്ട ജീവിതത്തിലെ വിരാമ സംഗീത നിശയായിരു്ന്നു മൈസൂരുവേലത്. ഇടവേളകളില്ലാതെ നാല് മണിക്കൂറോളം ജാനകി നിന്നുപാടി. മലയാളവും തമിഴും തെലുങ്കും ഏറിയ പങ്ക് കന്നഡയുമായി 43 പാട്ടുകളാണ് ജാനകി ആലുിച്ചത്.

Loading...

ജാനകിയുടെ പാട്ടുകളിലഭിനയിച്ച പഴയകാല നടിമാരും സംഗീതസംവിധായകരും സാക്ഷിയായി. പാട്ട് നിര്‍ത്തുന്നതില്‍ പരിഭവം പറഞ്ഞ പഴയകാല നടി ജയന്തിയോട് ജാനകി ഈ പാട്ടിലേതുപോലെ അഭിനയിക്കാന്‍ നിങ്ങളില്ലല്ലോ, പിന്നെ ഞാന്‍ ഇനി ആര്‍ക്കുവേണ്ടി പാടണം എന്നാണ് മറുപടി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം മലയാള ചിത്രം പത്ത് കല്‍പ്പനകളില്‍ പാടി സിനിമാ സംഗീത രംഗത്തോടും എസ് ജാനകി വിടപറഞ്ഞിരുന്നു. ഇനി പാടില്ലെങ്കിലും അവരുടെ പതിനായിരക്കണക്കിന് പാട്ടുകള്‍ എത്ര വേദികളില്‍ കേള്‍ക്കാനിരിക്കുന്നു. സ്വരം നന്നായിരിക്കുമ്പോള്‍, നൂറ് പാട്ട് കാത്തിരിക്കുമ്പോള്‍ എസ് ജാനകി പാടി നിര്‍ത്തുകയാണ്.