കോഴ വാങ്ങി ഐഎഎസ് വാഗ്ദാനം ചെയ്തു; ഒടുക്കം കൈയ്യൊഴിഞ്ഞു

ഡെറാഡൂണ്‍: ഐ.എ.എസ് അക്കാദമി ഡപ്യൂട്ടി ഡയറക്‌ടര്‍ കോഴവാങ്ങിയാണ് തനിക്ക് ഐ.എ.എസ് പരിശീലനകേന്ദ്രത്തില്‍ പ്രവേശനം നല്‍കിയതെന്ന് വ്യാജ ഐ.എ.എസ്സുകാരി എന്ന കുറ്റത്തിനു അറസ്റ്റിലായ റൂബി ചൗദരി. ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ ബന്ധമുള്ള ഉത്തരകാശി മുന്‍ ജില്ലാ കളക്ടറും അക്കാദമി ഡപ്യൂട്ടി ഡയറക്‌ടറുമായ സൌരഭ്‌ ജെയ്‌നിനെതിരെയാണ് റൂബി ചൗദരി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തനിക്ക് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിന് കോഴയായി 20 ലക്ഷം രൂപയാണ് സൗരഭ് ജെയ്ന്‍ ചോദിച്ചത്. അതിന്റെ ആദ്യഗഡുവായി അഞ്ചുലക്ഷം നല്‍കി. തുടര്‍ന്ന് സൌരഭ്‌ ജെയ്‌ന്‍ തനിക്കു ലൈബ്രറിയില്‍ ജോലി നല്‍കുകയായിരുന്നു. മറ്റു പരിശീലനാര്‍ഥികള്‍ക്കു നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കിയതും സൌരഭാണെന്നും റൂബി പറയുന്നു. ബാക്കിയുള്ള തുകയുടെ ഗഡുക്കള്‍ കൊടുക്കാന്‍ താമസം വന്നതാണ് താന്‍ പിടിക്കപ്പെടാന്‍ കാരണമെന്നാണ് റൂബി ഒരു തദ്ദേശ മാധ്യമത്തോട് പറഞ്ഞത്.

Loading...

ആള്‍മാറാട്ടം, വഞ്ചന, കള്ളരേഖ ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് റൂബിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊബേഷനറി ഐഎഎസ്‌ ഓഫിസര്‍ എന്ന നിലയില്‍ എല്ലാ ഔദ്യോഗിക സൌകര്യങ്ങളും ഉപയോഗിച്ച്‌ അക്കാദമിയില്‍ താമസിച്ചിരുന്ന റൂബി ചൌധരി ഐഎഎസ്‌ നേടിയിട്ടില്ലെന്നു ഏതാനും ദിവസം മുന്‍പാണ്‌ കണ്ടെത്തിയത്‌. തുടര്‍ന്നാണ് അക്കാദമി അധികൃതരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തത്.