പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന വിജിലൻസ് വാദം കണക്കിലെടുത്താണ് ജാമ്യ ഹർജി തള്ളിയത്. പ്രതിയെ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകി.ഏഴ് നിബന്ധനകള്‍ പാലിച്ചേ അര്‍ബുദരോഗത്തിന് ചികിത്സയില്‍ കഴിയുന്ന മുന്മന്ത്രിയെ ചോദ്യം ചെയ്യാവൂ എന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഈ മാസം 30-നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി. രാവിലെ 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാന്‍ അനുമതിയുണ്ടാകൂ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തണം. ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് പേര് മാത്രമേ പാടുള്ളൂ. ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിനിടയില്‍ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യലിനിടയില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കണം എന്നും കോടതി വ്യക്തമാക്കുന്നു.