ഇബ്രാഹിംകുഞ്ഞിന് അടുത്ത മാസം കീമോ, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യത

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കഴിയുമോയെന്നു പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം. ജില്ലാ മെഡിക്കല്‍ ഓഫിസറോട് ഇതില്‍ റിപ്പോര്‍ട്ട് നല്‍കാനും മുവാറ്റുപുഴ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. കേസില്‍ കസ്റ്റഡി അപേക്ഷയും ജാമ്യപേക്ഷയും നാളെ പരിഗണിക്കാന്‍ മാറ്റി.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമെന്നാണ് മെഡിക്കല്‍ റിപ്പാര്‍ട്ട്. ഈ മാസം 19 ന് കീമോ തെറാപ്പി ചെയ്തതാണ്. അടുത്ത മാസം മൂന്നിന് വീണ്ടും കീമോ ചെയ്യണം.

33 തവണ വിവിധ സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു പരിഗണിച്ച കോടതി സാധാരണ രീതിയില്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിടാന്‍ കഴിയുന്ന സാഹചര്യം അല്ലെന്ന് വിലയിരുത്തി. സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കാന്‍ കഴിയുമോയെന്നു പരിശോധിക്കണമെന്ന് പ്രോസിക്യുഷനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആശുപത്രിയുടെ ലഭ്യത പരിശോധിക്കാന്‍ ഡിഎംഒ യോട് ആവശ്യപ്പെട്ടത്. നാളെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.

Loading...