സാഹചര്യം മുതലാക്കി സംസ്ഥാനത്ത് വന്‍ കൊള്ള;മാസ്‌ക്കുകളുടെ വില മാസങ്ങള്‍ കൊണ്ട് അഞ്ചിരട്ടി

കൊച്ചി: അതീവജാഗ്രതയില്‍ കൊറോണയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോഴാണ് ഇതിനിടയിലും സാഹചര്യം മുതലാക്കിക്കൊണ്ട് ഒരു വിഭാഗം തട്ടിപ്പ് നടത്തുന്നത്. മാസ്‌ക്കുകളുടെ വിലയാണ് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചത്. മാസ്‌ക്കുകളുടെ പായ്ക്കില്‍ വന്‍ വില രേഖപ്പെടുത്തിയാണ് വില്‍ക്കാന്‍ ശ്രമം. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.മാത്രമല്ല മാസ്‌ക്കുകള്‍ വന്‍ തോതില്‍ പൂഴ്ത്തിവെക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ജില്ലാ കളക്ടര്‍ റെയ്ഡ് നടത്താന്‍ നിര്‍ദേശിച്ചത്.

എറണാകുളം നഗരത്തിലും പരിസരത്തുമായി പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടന്നു.ഒരേതരം മാസ്‌കുകള്‍ക്ക് ഏതാനും മാസങ്ങള്‍ കൊണ്ട് അഞ്ചിരട്ടിയിലേറെ വില വര്‍ധിച്ചതായാണ് റെയ്ഡില്‍ വ്യക്തമായത്. ഡിസംബറില്‍ 591 എന്ന ബാച്ച് നമ്പറില്‍ ഡിസംബറില്‍ പുറത്തുവന്ന 100 മാസ്‌കുകളുടെ പായ്ക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 370 രൂപയാണെങ്കില്‍ ഇതേ മാസ്‌കിന്റെ 593 ബാച്ച് നമ്പറില്‍ ഫെബ്രുവരി മാസത്തില്‍ പുറത്തിറക്കിയ മാസ്‌കുകള്‍ക്കാകട്ടെ 1600 രൂപയാണ് വിലയിട്ടിരിക്കുന്നത്. അഞ്ചു രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കുകളുടെ പായ്ക്കില്‍ ഒരു മാസ്‌കിന് 40 രൂപയാണ് എം.ആര്‍.പി എഴുതിയിരിക്കുന്നത്.

Loading...

ഇവയിപ്പോള്‍ 20-25 രൂപയ്ക്കാണ് വില്‍ക്കുന്നത്. സാധാരണ മാസ്‌കുകളുടെ വില അഞ്ചിരട്ടിയോളം വര്‍ധിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് റീജിയണല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യു പറഞ്ഞു. ‘മാസ്‌കുള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ചൈനയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വരുന്നത് നിന്നതോടെ നിര്‍മാണച്ചെലവും വര്‍ധിച്ചെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും വിലവര്‍ധന ഉണ്ടാകേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാക്കുന്നത് തെന്നും ബെന്നി.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഷോപ്പുകള്‍ വഴിയാണ് വില്‍ക്കുന്നതെങ്കിലും മാസ്‌കുകള്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിന്റെ കീഴില്‍ വരുന്ന ഉത്പന്നമല്ല. ദുരന്തനിവാരണ നിയമപ്രകാരം കളക്ടറാണ് ഇക്കാര്യത്തില്‍ നടപടി. സ്വീകരിക്കേണ്ടതെന്നും റീജിയണല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.