ചറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി; ആശങ്കവേണ്ടന്ന് മന്ത്രി റോഷി അഗസ്റ്റന്‍

തൊടുപുഴ. അനുവദനീയമായ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്.

ഇടുക്കി ഡാമില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2383.53 അടിയാണ് ഡാമിന്റെ റൂള്‍ കര്‍വ് ഇപ്പോള്‍ 2384.10 അടിയാണ് ജല നിരപ്പ്. അണക്കെട്ട് തുറന്ന് 50 ക്യുമെക്‌സ് ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.

Loading...

ഡാം തുറന്നെങ്കിലും ആര്‍ക്കും ആശങ്കവേണ്ടന്നും എല്ലാ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റന്‍ വ്യക്തമാക്കി. ജനവാസ മേഖലയിലേക്ക് ജലം എത്തുകയില്ലെങ്കിലും അഞ്ച് വില്ലേജുകള്‍ക്കും ആറ് പഞ്ചായത്തുകള്‍ക്കും അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 26 ക്യാമ്പുകളും തുറന്നിട്ടുണ്ട്.

ഡാം തുറക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാം തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഷട്ടര്‍ തുറന്ന് കഴിഞ്ഞ് ഒരുമണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് ജലം കവലങ്ങാട് എത്തും. 9 മണിക്കൂര്‍ കൊണ്ട് ആലുവയിലും 12 മണിക്കൂര്‍ കൊണ്ട് വരാപ്പുഴയിലും ജലം എത്തുമെന്നാണ് കണക്ക് കൂട്ടല്‍.

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴ്ക്ക് കൂടുകയും മുല്ലപ്പെരിയാര്‍ ഡാം തുറന്നതുമാണ് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുവാന്‍ കാരണം.