അയല്‍വാസിയുടെ അടുക്കളയില്‍ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; സിന്ധുവിനെ പ്രതി മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് മകന്‍

ഇടുക്കി പണിക്കന്‍ കുടിയില്‍ കാണാതായ വീട്ടമ്മയെ അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മകന്‍ രംഗത്ത്. കൊല്ലപ്പെട്ട സിന്ധുവിനെ അയല്‍വാസിയായ ബിനോയ് സ്ഥിരം മര്‍ദ്ദിച്ചിരുന്നെന്നും സിന്ധുവിന്റെ സഹോദരന്റെ മൊഴി പൊലീസ് ഗൗരവമായി എടുത്തില്ലെന്നും മകന്‍ അരുണ്‍ ആരോപിച്ചു.

ഒളിവില്‍ കഴിയുന്ന ബിനോയിയുടെ വീടിന്റെ അടുക്കള പുതുക്കിപ്പണിതത് സിന്ധുവിനെ കാണാതായതിന് ശേഷമാണ്. മുറിയില്‍ മണ്ണിളകിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവര്‍ കാര്യമായി എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൊഴി പൊലീസ് തള്ളിക്കളഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ബിനോയിയുടെ വീടിന്റെ അടുക്കളയിലെ മണ്ണിളക്കിയത്. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

Loading...

പുറത്തെടുത്ത സിന്ധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെന്നും പ്രതി ബിനോയ്ക്കായി അന്വേഷണം നടക്കുകയാണെന്നും ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു. പൊലീസിനെതിരെ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും കാര്യക്ഷമമായി അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം അയല്‍വാസി ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. വാടക വീട്ടില്‍ മകനൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ബിനോയിയുടെ ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.