ഇഖാമ കാലാവധി കഴിഞ്ഞാല്‍ ആശുപത്രികളില്‍ കഴിയുന്നവരെയും നാടുകടത്തും.

കുവൈത്ത് സിറ്റി: ആശുപ്രത്രിയില്‍ ചികിത്സയിലുള്ളവരായാലും ഇഖാമ കാലാവധി കഴിഞ്ഞാല്‍ നാട്കടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇതിന്‍െറ ഭാഗമായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കൂട്ടത്തില്‍ ഇഖാമ കാലാവധി കഴിഞ്ഞവരുണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ആരോഗ്യമന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം ആശുപത്രികളിലെ ഇഖാമ കാലാവധി കഴിഞ്ഞവരെ കണ്ടത്തൊനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. അത്തരക്കാര്‍ ഏതെങ്കിലും ആശുപത്രികളിലോ ക്ളിനിക്കുകളിലോ ഉണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവ കിട്ടിയാലുടന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ആശുപത്രികളിലുള്ള നിയമലംഘകരെ കൈമാറുന്നതിന് വേണ്ടി ഇരുമന്ത്രാലയങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ഒരുവിധത്തിലുള്ള ഇഖാമ നിയമ ലംഘകരെയും വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടിന്‍െറ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രോഗികള്‍ അനുകമ്പ അര്‍ഹിക്കുന്നവരാണെങ്കിലും ഇത് മുതലെടുത്ത് നിയമ ലംഘകരായി തുടരുന്നവര്‍ ഏറെയുണ്ടെന്ന് മനസ്സിലായതിന്‍െറ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇഖാമ കാലാവധി കഴിഞ്ഞ നിരവധി രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും ക്ളനിക്കുകളിലും മറ്റുമായി കഴിയുന്നുണ്ടെന്ന് അടുത്തിടെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇങ്ങനെ കണ്ടത്തെുന്ന ഇഖാമ ലംഘകരെ ഉടന്‍ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിക്കും. രോഗികളുടെ ശാരീരികാവസ്ഥ കൂടി പരിഗണിച്ചാവും തുടര്‍നടപടികളെന്നും അധികൃതര്‍ സൂചിപ്പിച്ചു.