ബാലു വേഗം എണീറ്റു വാ, നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു എന്നു ഞാൻ പറഞ്ഞത് നീ കേട്ടില്ലല്ലേ: നെഞ്ചുനീറി ഇളയരാജ

എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഇളയരാജയുടെ യാത്രാമൊഴി. സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ച അനുശോചന സന്ദേശം ആരുടെയും കണ്ണീർ പൊഴിക്കുന്നതായിരുന്നു. എല്ലാ ദുഃഖങ്ങൾക്കും അളവുണ്ട്. എന്നാൽ ഈ ദുഃഖത്തിന് അളവില്ലെന്നും കണ്ഠം ഇടറി ഇളയരാജ.

ബാലു വേഗം എണീറ്റു വാ, നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു എന്നു ഞാൻ പറഞ്ഞത് നീ കേട്ടില്ലല്ലേ. നീ പോയി എങ്ങോട്ടാണ് പോയത്? ഗന്ധർവന്മാർക്കായി പാടാൻ പോയതാണോ? ഇവിടെ ലോകമൊന്നാകെ ശൂന്യമായിപ്പോയിരിക്കുന്നുവെ. എനിക്കൊന്നും മനസിലാകുന്നില്ല. സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ല. പറയാൻ വിശേഷങ്ങളില്ല… എന്തു പറയണമെന്നു പോലും അറിയില്ല. എല്ലാ ദുഃഖങ്ങൾക്കും ഒരു അളവുണ്ട്. ഇതിന് അളവില്ല. സംസാരത്തിനിടെ അല്പസമയം മൗനം പാലിക്കുന്നുണ്ട് അദ്ദേഹം. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഗീത ലോകത്തെ മൊത്തം സങ്കടത്തിലാക്കി എസ്.പി.ബി ഈ ലോകത്തോട് വിടപറഞ്ഞത്.

Loading...

എസ്.പി.ബിയും ഇളയരാജയും തമ്മിലുണ്ടായിരുന്നത് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദമാണ്. സിനിമയിൽ തുടക്കക്കാരായിരുന്ന രാജയും ബാലുവും മദ്രാസിലെ കല്ല്യാണവിരുന്നുകളിൽ ഗാനമേളകൾ അവതരിപ്പിച്ച് സ്കൂട്ടറിൽ കറങ്ങി നടന്നിരുന്ന കാലത്തെക്കുറിച്ച് ഏറെ ആവേശത്തോടെ പല അഭിമുഖങ്ങളിലും എസ്.പി.ബി തന്നെ പറഞ്ഞിട്ടുണ്ട്.