കവിത

(“ശ്രീ നമ്പിമഠത്തിന്റെ കാവ്യഭാഷ ഭാവത്തിനൊത്തു ജന്മം കൊള്ളുന്നു. ദേശാന്തര വാസിയെന്ന അപകർഷം ഭാഷക്കില്ല. ‘ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും’ എന്ന കവിതയിൽ രൂക്ഷമായ പ്രതിഷേധവും ശകാരവും ഒരു ശപഥവും ഉണ്ടെങ്കിലും ഈ കവി ഇപ്പോഴും ഈ മുറ്റത്തു തന്നെ. ഈ കവി ആചമിക്കുന്നതു മലയാളത്തിന്റെ ആത്മ തീർത്ഥം തന്നെ”. 2004 ൽ പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച ‘തിരുമുറിവിലെ തീ’ എന്ന കവിതാസമാഹാരത്തിന്റെ അവതാരികയിൽ മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി. മധുസൂദനൻ നായർ)

Loading...

ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും — കവിത ജോസഫ്‌ നമ്പിമഠം


ഈ ….
മുടിഞ്ഞ തറവാടിൻ തിരുമുറ്റത്തേക്ക്‌
തിരിച്ചു വന്നത് ഭാഗം ചോദിക്കാനല്ല
ഈ.. വീട് മുടിച്ചൊരു
ഈ ..നാട് മുടിച്ചൊരു
കാരണവരോടൊരു കാരുണ്യം കാട്ടാനല്ല
തളർന്നു കിടക്കും
കാരണവരുടെ സ്ഥാനം നേടാനല്ല.

നഞ്ചു കലക്കിക്കിട്ടിയ
പരൽ മീനുകളെയൊരു കോർന്പലിലാക്കി
ഈ അന്തിച്ചന്തയിൽ ഞാനും നില്പൂ
കിട്ടിയ കാശിനു വിറ്റിട്ടാക്കാശും കൊണ്ടീ
മായം ചേർന്നോരന്തി കള്ളിനു
ക്യൂവിൽ നില്പൂ ഞാനും
അന്തിക്കള്ളും മോന്തി,
ഈ നാട് മുടിച്ചൊരു കാരണവരെ നോക്കി
പച്ച തെറി പറയാൻ..
മയിൽക്കുറ്റി മറിച്ചീ തറവാടിൽ
തിരുമുറ്റത്തേക്കു തിരിച്ചു നടക്കെ
എൻ ഗതിയെന്തേ ഇങ്ങിനെ ആയി
എന്നറിവാനൊരു വഴിയും തേടി
പിച്ചും പേയും ചൊല്ലി നടപ്പൂ
ഒരു ഗതിയും പരഗതിയും കാണാതീ ഞാൻ

ഈ മുടിഞ്ഞ തറവാടിൻ തിരുമുറ്റത്തേക്ക്‌
തിരിച്ചു വന്നതു ഭാഗം ചോദിക്കാനല്ല
നാടു മുടിച്ചൊരു കാരണവരോടൊരു
കാരുണ്യം കാട്ടനല്ല
തളര്ന്നു കിടക്കും കാരണവരുടെ സ്ഥാനം നേടാനല്ല.

ഈ …അന്പല മുറ്റത്താൽത്തറയിൽ
കുത്തിയിരുന്നൊരു നാലും കൂട്ടി മുറുക്കാൻ…
ഏകാന്തതയുടെ വല്മീകത്തിൽ
കുത്തിയിരുന്നെൻ കണ്ണീർ വീഴ്‌ത്താൻ…
ചാക്കുമുടുത്ത് ഭസ്മം പൂശി
അരയാൽത്തറയിലിരിക്കാൻ,
ഇരുന്നൊരു ശിലയായുറയാൻ
ഉറഞ്ഞൊരു പുത്തൻ മുനിയാകാൻ…

വേടന്മാരുടെ അന്പുകൾ കൊണ്ടുമരിക്കും
പെണ്‍കിളിയെ നോക്കിക്കരയാൻ
അന്പുകൾ പൂവന്പാക്കി
ഇണയുടെ തുണയിൽ ജീവൻ പകരാൻ
പുതിയൊരു ചണനൂലാൽ ഈ
പുക്കിൾക്കൊടി ബന്ധിക്കാൻ
നവമൊരു ചാരുതയാലീ
ജീർണതയൊക്കെയകറ്റാൻ…
മുറ്റം ചെത്തിമിനുക്കി
നിറകതിർ കൊണ്ടൊരു നിറപറ തീർക്കാൻ
മുന്തിയ എണ്ണയൊഴിച്ചീ
യന്തി വിളക്കുതെളിക്കാൻ ….

“തകരച്ചെണ്ട”*കൾ കൊട്ടി
ചില്ലു മുറിക്കും സ്വര സൂചികളാൽ
വിള്ളൽ വീഴ് ത്തും ഞാനീ
ചില്ലിൻ കൊട്ടാരങ്ങൾ തട്ടിമറിക്കും
നാടുമുടിച്ചും പണി തീർത്തൊരു
ചില്ലിൻ മേടകൾ, ഉഴുതുമറിച്ചൊരു
പുത്തൻ സൗധം പണിയും ഞാനീ മണ്ണിൽ
എങ്ങോ പോയി മറഞ്ഞൊരുസംസ്‌കൃതിതൻ
മണ്ണിൽ പൂണ്ടൊരു തിരുശേഷിപ്പുകൾ
കുത്തിയിളക്കാൻ
ക്ലാവുപിടിച്ചൊരു സംസ് കൃതിയെ
തേച്ചു മിനുക്കി
നവജീവ ജലത്താലൊരു തർപ്പണമേകാൻ…
കെടുകാര്യസ്ഥതയുടെ
നെഞ്ചിൽ കാലടിവെച്ചീ വേതാളത്തെ
പാതാളത്തിലയക്കാൻ
എത്തീ ഞാനീ പടിവാതിലിൽ വീണ്ടും
എത്തീ ഞാനീ പടിവാതിലിൽ വീണ്ടും

എങ്ങോ പോയ്‌ മറയുന്നെൻ ബോധം
ഉണരുന്നൊരു സ്വപ്നത്തിൽ നിന്നും ഞാൻ
ഇല്ല, പടിപ്പുരയില്ലിവിടെ
ഇല്ല, ഉമ്മറ വാതിലുകൾ
ഉള്ളത് പുത്തൻ മാറാലകൾ മാത്രം
കണ്ണില്ലാത്ത നരിച്ചീറുകൾ മാത്രം
ഉള്ളതുറങ്ങും കാവൽക്കാർ മാത്രം
ചിതലുകൾ തിന്നും തറവാടിന്നുള്ളറ
കാണാതെയുറക്കം തൂങ്ങും കാവൽക്കാർ മാത്രം
ചിതലുകൾ തിന്നും തറവാടിൻ
ഉള്ളറ കാണാതെയുറങ്ങും കാവൽക്കാർ മാത്രം
ഉള്ളത് ചാരം മൂടിയ ചുടലകൾ മാത്രം
മുടി കൊഴിയാത്ത കപാലങ്ങൾ മാത്രം

അന്പലമില്ലാൽത്തറയില്ല
അന്യർ വന്നു നിറഞ്ഞൊരു ഗ്രാമം
വെറ്റില തിന്നും, കോലം കെട്ടിയുമാടിയ
തലമുറ എങ്ങോ പോയി മറഞ്ഞു
“നാടിൻ നന്മ കുടിച്ചു മരിച്ചൊരു കുളവും” **
താണ്ടി, പായല് മൂടിയ പടവുകൾ താണ്ടി
തേവരുറങ്ങും കോവിലു താണ്ടി
തിരികെപ്പോണൂ ഞാൻ
മറുനാടതിലടിമപ്പണി ചെയ്യാൻ
ഈ തിരുമുറ്റം പിന്നിട്ടെൻ വഴിതേടി
മുന്നോട്ടേക്ക് നടക്കുന്പോൾ
ഉള്ളിൽ ഞാനൊരു ശപഥം ചെയ്തു
ഇല്ല, വരില്ലീ തിരുമുറ്റത്തേക്കിനിയും
ഈ ജീർണതയുടെ മുഖം കാണാൻ
ഈ വീടു മുടിച്ചൊരു…
ഈ നാടു മുടിച്ചൊരു …
കാരണവരുടെ തിരുമോന്തായം കാണാൻ
ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും
ഇല്ല വരില്ലീ തിരുമുറ്റത്തേക്കിനിയും.

* 1 ഗുന്തർ ഗ്രാസിന്റെ THE TIN DRUM
**2 കമ്മനിട്ടയോടു കടപ്പാട്