സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു: ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല: വളരെ അപകടകരമായ സാഹചര്യമാണെന്ന് ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ. സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നു വേണം മനസ്സിലാക്കാനെന്ന് ഐഎംഎ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല, വളരെ അപകടകരമായ സാഹചര്യമാണിതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് വ്യക്തമാക്കി.

മുമ്പിൽ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുൻകരുതൽ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌൺ ഇളവുകൾ ആളുകൾ ദുരുപയോഗം ചെയ്തു. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൂടുന്നു. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കാത്തവർക്ക് രോഗം വരുന്നു. ഇവിടെ നിന്നും മറ്റു സംസ്‌ഥാനങ്ങളിൽ എത്തുന്നവർക്ക് രോഗം സ്‌ഥിരീകരിക്കുന്നു. ഇതൊക്ക കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതിന്റെ ലക്ഷണങ്ങളാണ്.

Loading...

സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾ ഉൾക്കൊള്ളുന്നില്ല.കൊവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. രോഗവ്യാപനത്തിന്റെ കണക്ക് അറിയാൻ അത് വേണമെന്നും എബ്രഹാം വർ​ഗീസ് പറഞ്ഞു.