ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റില്‍ വഴിത്തിരിവ്; സൈനിക ആസ്ഥാനത്തെ രേഖകള്‍ കണ്ടെടുത്തു.

ദില്ലി: തീവ്രവാദികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡിവൈഎസ്പി ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇയാളുടെ വസതിയില്‍ നിന്നും ചില നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ്് പുറത്തുവരുന്ന റിപ്പോര്‍ട്ട്.ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്റെ മാപ്പ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. കരസേനയുടെ 15 കോർപ്സ് ആസ്ഥാനത്തിന്റെ മാപ്പാണ് ദേവീന്ദർ സിംഗിന്റെ വസതിയിൽ നിന്നും കണ്ടെത്തിയത്. സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മാപ്പാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ദേവീന്ദർ സിംഗിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുള്ള മറ്റു സുപ്രധാന രേഖകൾ എന്താണെന്ന് വ്യക്തമല്ല. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണ് ദേവീന്ദർ സിംഗിന്റെ വീട്. 2001ലെ പാർലമെന്റ് ആക്രമണക്കേസുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Loading...

ദേവീന്ദർ സിംഗിന്റെ അറസ്റ്റിന് ശേഷം കശ്മീരിൽ സുരക്ഷാ സേന വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ദേവീന്ദർ സിംഗിന്റെ വീട്ടിൽ നിന്നും സുപ്രധാനമായ രേഖകൾക്കൊപ്പം കണക്കിൽപ്പെടാത്ത 75 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ദേവീന്ദർ സിംഗിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.

ഹിസ്ബുൾ തീവ്രവാദികളോടൊപ്പം ദേവിന്ദർ സിംഗ് അറസ്റ്റിലായതിന് പിന്നാലെ സൈന്യത്തിന്റെ ശ്രീനഗറിലെ 15 കോർപ്സ് ഹെഡ്ക്വാർട്ടേഴ്സിന് സമീപത്തായി ഇയാൾ പുതിയ വീട് നിർമിക്കുന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സൈനിക ആസ്ഥാനനത്തിന്റെ ഒരു മതിൽ പങ്കുവയ്ക്കുന്ന രീതിയിലായിരുന്നു നിർമാണം. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശമാണിത്. 2017 മുതലാണ് വീടിന്റെ നിർമാണം ആരംഭിച്ചത്. 5 വർഷമായി ബന്ധുവിന്റെ വാടകവീട്ടിലായിരുന്നു ദേവീന്ദർ സിംഗ് താമസിച്ചിരുന്നതെന്ന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീനഗറിലെ രവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദേവീന്ദർ സിംഗിന് സമ്മാനിച്ച പോലീസ് മെഡൽ പിൻവലിച്ചിട്ടുണ്ട്. കശ്മീർ ലഫ്. ഗവർണർ മെഡൽ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ഇയാളെ സർവീസിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ പോലീസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഡിവൈഎസ്പി റാങ്കിലുള്ള ദേവീന്ദറിന്റെ സ്ഥാനക്കയററത്തിനുള്ള നടപടികൾ നേരത്തെ മരവിപ്പിച്ചിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറി.

അതേസമയം 2001ലെ പാർലമെന്റ് ആക്രമണക്കേസുമായി ദേവീന്ദർ സിംഗിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും വെളിച്ചത്തു വന്നാൽ അത് അന്വേഷിക്കും. ഒരു വശവും അന്വേഷിക്കുന്നതിൽ തടസമില്ല. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരെയും വെറുതെ വിടില്ലെന്ന് ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു. പാർലമെന്റ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവിനെ കുടുക്കിയത് ദേവീന്ദർ സിംഗാണെന്ന് ആരോപണം ഉയർന്നിരുന്നു. 2013ൽ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അഫ്സൽ ഗുരുവെഴുതിയ കത്തിലും ദേവിന്ദർ സിംഗിന്റെ പേര് പരാമർശിച്ചിരുന്നു.

ഹിസ്ബുൾ തീവ്രവാദികൾക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രക്കിടയിലാണ് ദേവീന്ദർ സിംഗ് അറസ്റ്റിലാകുന്നത്. ദേവീന്ദറിനൊപ്പം യാത്ര ചെയ്ത തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് ദേവീന്ദർ 12 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിവരം. സൈനിക ആസ്ഥാനത്തിനടുത്തുള്ള വീട്ടിൽ ഇയാൾ ഭീകരർക്ക് അഭയം നൽകിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.