ഇന്ത്യയിലേക്കുള്ള ആകാശപാതയും റോഡ് മാർഗവും പൂർണ്ണമായും അടച്ചിടാൻ ആലോചിക്കുന്നുവെന്ന് പാകിസ്താൻ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് മാർഗമടക്കം എല്ലാ പാതകളും ഉടൻ അടച്ചു പൂട്ടുന്ന കാര്യം പാകിസ്താന്റെ പരിഗണനയിലാണെന്ന് മന്ത്രി. ട്വിറ്ററിലൂടെയാണ് പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈൻ ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്താനിലേക്ക് പാകിസ്താനിലൂടെ ഇന്ത്യ നടത്തുന്ന വ്യാപാരം തടയുന്നതടക്കമുള്ളവ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരിഗണനയിലാണെന്നും മന്ത്രി സി.എച്ച്.ഫവാദ് ഹുസൈൻ വ്യക്തമാക്കി.

Loading...

മോദി തുടങ്ങി ഞങ്ങൾ പൂർത്തിയാക്കും എന്ന ടാഗോട് കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണ്ണമായും അടച്ചിടുന്നത് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരിഗണനയിലാണ്. അഫ്ഗാനിസ്താനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ പാകിസ്താന്റെ റോഡുകൾ ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ നിർദേശമുണ്ടായി. ഈ തീരുമാനങ്ങൾക്ക് നിയമപരമായ നടപടിക്രമങ്ങൾ ആലോചിച്ച് വരികയാണെന്നും ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകൾ പാകിസ്താൻ അടച്ചിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാകിസ്താൻ തന്നെ നിഷേധിക്കുകയുണ്ടായി.
ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാകിസ്താൻ തുറന്നിരുന്നത്.