ചെന്നൈ. വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകളുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കൊറുക്കുപ്പേട്ടില്‍ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. കരുമാരിയമ്മന്‍ നഗറില്‍ താമസിക്കുന്ന വിശാലാക്ഷി (70) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കേസില്‍ വിശാലാക്ഷിയുടെ മകളുടെ മകന് സതീശ് (28) പോലീസ് പിടിയിലായത്. മകള്‍ക്ക് വിശാലാക്ഷി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് വിശാലാക്ഷിയും സതീശും തമ്മില്‍ തര്‍ക്കം ഉണ്ടായതായും ഇതേ തുടര്‍ന്നാണ് കൊലാപാതകം നടന്നത് എന്നുമാണ് നിഗമനം.
സതീശ് വീട്ടില്‍ എത്തിയപ്പോള്‍ സതീശിന് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുകയും പിന്നീട് മകള്‍ നല്കുവാനുള്ള പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഇതില്‍ പ്രകോപിതനായ സതീശ് ബ്ലേഡ് ഉപയോഗിച്ച് വൃദ്ധെ മുറിവേല്‍പ്പിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ശേഷം കതക് അടച്ച് ടീവി കണ്ടു. വീട്ടിലെ ബഹളം കേട്ട് അയല്‍ വാസി എത്തിയെങ്കിലും ടിവിയില്‍ നിന്നുള്ള ശബ്ദമാണെന്നും മുത്തശ്ശി പുറത്ത് പോയിരിക്കുകയാണെന്നും സതീശ് പറഞ്ഞു.
പിന്നീട് സതീശ് അമ്മയെ വിളിച്ച് മുത്തശ്ശി തെന്നിവീണെന്ന് അറിയിച്ചു. തുടര്‍ന്ന് മകള്എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. പോലീസ് വീട്ടില്‍ എത്തുമ്പോള്‍ പ്രതി മദ്യപിച്ച് കൊണ്ട് ടിവി കാണുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബ്ലേഡും കണ്ടെത്തി.
വീട് വെയ്ക്കുന്നതിനാണ് വിശാലാക്ഷി മകള്‍ക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. പലരില്‍ നിന്നും ഇവര്‍ വീട് വെയ്ക്കുവാന്‍ പണം കടമായി വാങ്ങിയിരുന്നു. എന്നാല്‍ കടം തിരികെ നല്കുവാന് കഴിയാതെ വന്നതോടെ ഇവര്‍ വീട് വിറ്റ് പണം തിരികെ നല്കുവാന് ആരംഭിച്ചു. എന്നാല്‍ വിശാലാക്ഷിക്ക് നല്കുവാനുള്ള പകുതി പണം അവര്‍ തിരികെ നല്‍കിയിരുന്നു.