പ്രണവിന്റെ രണ്ടു കൈകൾ അത് അവന്റെ അമ്മയും അച്ഛനുമാണ്. ജന്മനാ കൈകളില്ലാത്ത ചിത്രകാരനായ പ്രണവ് രാവിലെ തലസ്ഥാനത്തെത്തിയത് കേരളത്തിന്റെ മുഖ്യനെ ഒരു നോക്ക് കാണുന്നതിനായിട്ടാണ്. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയിലെ ഓഫീസിൽ എത്തിയാണ് പ്രണവ് തന്റെ ആഗ്രഹം സാധിച്ചത്. തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വേണ്ടിയാണ് ഈ കൊച്ചുമിടുക്കൻ മുഖ്യനെ കാണാനെത്തിയത്.
അടുത്തിടെ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിക്കൊപ്പം നിൽക്കവേയാണ് തന്റെ മാതാപിതാക്കളായ ബാലസുബ്രഹ്മണ്യവും സ്വർണകുമാരിയുമാണ് തന്റെ ഇരു കൈകളുമെന്ന് പ്രണവ് പറഞ്ഞത്. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബി.കോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ.
പ്രണവുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകൾ മുഖ്യമന്ത്രിയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. കാൽ ഉപയോഗിച്ച് പ്രണവ് മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുത്തു. സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ടെന്നതിൽ തനിക്ക് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് പ്രണവിനെ സന്തോഷപൂർവം മുഖ്യമന്ത്രി യാത്രയാക്കിയത്.
രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂർവം യാത്രയാക്കിയത്