എംഎൽഎ പി വി ശ്രീനിജന്റെ സ്വത്ത് വിവരങ്ങളിൽ കൂടുതൽ വ്യക്തത തേടി ആദായ നികുതി വകുപ്പ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ശ്രീനിജനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. സിനിമാമേഖലയിലെ സാമ്പത്തിക ഇടപാടിൽ എംഎൽഎക്ക് എതിരെ പിടിമുറുക്കുകയാണ് ആദായ നികുതി വകുപ്പ്.
നിർമ്മാതാവ് ആന്റോ ജോസഫിൽ നിന്ന് പണം വാങ്ങിയതെന്തിനെന്നും, മടക്കി നൽകാനായതിന്റെ സാമ്പത്തിക സ്രോതസും ശീനിജൻ വ്യക്തമാക്കണം. ബാങ്ക് ഇടപാട് രേഖകൾ ഹാജരാക്കാനും നിർദേശമുണ്ട്. ഇതിലെല്ലാം തന്നെ ശ്രീനിജൻ വ്യക്തമായ മറുപടി നൽകേണ്ടി വരും. 2015-ൽ നികുതിയടക്കാൻ 65 ലക്ഷം രൂപ ആന്റോ ജോസഫിൽ നിന്ന് കടമായി വാങ്ങിയിരുന്നുവെന്നും 2022-ൽ തിരിച്ചുനൽകിയെന്നുമാണ് എംഎൽഎയുടെ വിശദീകരണം.
ആന്റോ ജോസഫിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ശ്രീനിജനുമായുള്ള പണമിടപാടുകൾ സംബന്ധിച്ച രേഖകൾ കണ്ടെത്തിയത്. തുടർന്ന് ശ്രീനിജനെ ചോദ്യം ചെയ്യുന്നതിന് വിളിച്ചു വരുത്തുകയായിരുന്നു. സിനിമാ മേഖലയിൽ ശ്രീനിജൻ കൂടുതൽ പണം ഇറക്കിയിരുന്നോയെന്നും കണ്ടെത്തും.