വിദേശ ബാങ്കില്‍ നിക്ഷേപം… അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡൽഹി: വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കൾക്കുമാണ് നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്.

ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വർഷം മാർച്ച് 28ന് നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിൽ 12 ന് ഹാജരായി വിശദീകരണം നൽകാനായി ആദായനികുതി വകുപ്പ് സിറ്റിങ് ക്രമീകരിച്ചിരുന്നു.

Loading...

2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പലരാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്.

എന്നാൽ ഇത്തരത്തിൽ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയൻസ് കമ്പനിയുടെ വക്താവ് നിഷേധിച്ചു.