സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു: 35 ശതമാനം വില കൂട്ടാൻ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മദ്യവില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വിദേശനി‍ർമ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂടും. മദ്യനികുതി വർധിപ്പിക്കുന്ന കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും എന്നാണ് വിവരം. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം.

സംസ്ഥാനത്ത് മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം മദ്യവിൽപന ആരംഭിക്കാൻ സ‍ർക്കാ‍ർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സ‍ർക്കാ‍ർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാ‍ർട്ടപ്പ് മിഷന് സ‍ർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Loading...

കെയ്സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാനാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. കെയ്സിന് 400 രൂപയിൽ താഴെയാണെങ്കിൽ പത്ത് ശതമാനം നികുതിയാവും ഏർപ്പെടുത്തുക. ബീയറിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തും. ഇതോടെ ഒരു കുപ്പി മദ്യത്തിന് അൻപത് രൂപ വരെ വ‍ർധിക്കാനാണ് സാധ്യത.