ഒന്നും രണ്ടും വാക്‌സിനേഷനുകൾക്ക് ഇടയിൽ കൂടുതൽ ഇടവേളയുണ്ടാവുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും

കൊറോണയുടെ ഒന്നും രണ്ടും വാക്‌സിനേഷനുകൾക്ക് ഇടയിൽ കൂടുതൽ ഇടവേളയുണ്ടാവുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് പഠനം. കൊച്ചി ആസ്ഥാനമായ കെയർ ആശുപത്രിയിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ.പത്ഭനാഭ ഷേണായിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കോവീഷിൽഡ് വാക്‌സിൻ ഇടവേള 84 ദിവസം എന്ന കേന്ദ്ര സർക്കാർ തീരുമാനം ശരിയെന്ന് ചൂണ്ടിക്കാട്ടുന്ന കണ്ടെത്തൽ ഉണ്ടായത്. വാക്‌സിനേഷനുകൾക്കിടയിൽ 10 മുതൽ 14 ആഴ്ചകൾക്കിടയിൽ ഇടവേളയുണ്ടാകുന്നത് കൂടുതൽ പ്രതിരോധശേഷി കൈവരുത്തുമെന്നാണ് പഠനഫലം ചൂണ്ടിക്കാട്ടുന്നത്. ഇത്രയും ഇടവേളയിൽ വാക്‌സിൻ എടുത്ത രോഗികളിലെ ആന്റിബോഡിയുടെ സാന്നിധ്യം മൂന്നരമടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.

കോവിഷീൽഡ് വാക്‌സിനെടുത്ത രോഗികളിലാണ് പഠനം നടത്തിയത്. 1500 രോഗികളിൽ നിന്ന് തിരഞ്ഞെടുത്ത 213 പേരിലാണ് കുത്തിവെയ്പ്പുകൾക്കിടയിലെ ഇടവേള എങ്ങനെ സ്വാധീനിക്കുമെന്ന് കണക്കാക്കിയത്.ഈ വർഷം മേയ് വരെ രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള നാലുമുതൽ ആറ് ആഴ്ച വരെയാണ് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. ഈ സമയത്ത് രണ്ട് ഡോസുകൾ സ്വീകരിച്ച 102 രോഗികളെയും ഇടവേള മാറ്റത്തിനുശേഷം 10 മുതൽ 14 ആഴ്ചകളുടെ ഇടവേളയിൽ വാക്‌സിനെടുത്ത 111 രോഗികളെയുമാണ് പഠനവിധേയമാക്കിയത്.

Loading...

ആന്റിബോഡി സപൈക്ക് പരിശോധനയിലൂടെയാണ് രണ്ട് ഗ്രൂപ്പുകളിലും എത്രമാത്രം പ്രതിരോധശേഷി ഉണ്ടെന്ന് അളന്നത്. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒരു മാസത്തിന് ശേഷമാണ് പരിശോധന നടത്തിയത്. പഠനപ്രകാരം നാലു മുതൽ ആറാഴ്ച വരെ ഇടവേളയിൽ വാക്‌സിൻ സ്വീകരിച്ച രോഗികളേക്കാൾ പ്രതിരോധശേഷി 10 മുതൽ 14 ആഴ്ച വരെ ഇടവേളയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് ഉണ്ടെന്ന് കണ്ടെത്തി. കുത്തിവെയ്പ്പുകൾക്കിടയിലെ ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകൾ മികച്ചതായിരിക്കുമെന്ന് ഡോ. പത്മനാഭ ഷേണായി വ്യക്തമാക്കി.

അതേസമയം ഒറ്റ ഡോസ് വാക്‌സിൻ ഡെൽറ്റ വകഭേദത്തിൽ നിന്ന് സംരക്ഷണം നൽകില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.ഇത് മൂലം രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ ഡോസുകൾക്കിടയിലുള്ള കാലയളവിൽ കൊറോണ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലന്ന് പഠനം തെളിയിക്കുന്നു. അത് കൊണ്ട് ആദ്യഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീർഘനാൾ നീളുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.