അഫ്ഗാനിസ്ഥാന് മേഖലയില്‍ ഏറ്റവുമധികം വിശ്വസിക്കാവുന്ന പങ്കാളി ഇന്ത്യയാണെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: മേഖലാ തലത്തില്‍ അഫ്ഗാനിസ്ഥാന് ഏറ്റവുമധികം വിശ്വസിക്കാവുന്ന പങ്കാളി ഇന്ത്യയാണെന്ന് അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് പെന്റഗണ്‍ പ്രസിദ്ധീകരിച്ച ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രമ്പ് ഭരണകൂടത്തിന്റെ കീഴില്‍ പുറത്തു വരുന്ന ആദ്യ റിപ്പോര്‍ട്ടാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
അഫ്ഗാനിസ്ഥാനിലെ സൈനിക ഓഫീസര്‍മാര്‍ക്ക് ഇന്ത്യ പരിശീലനം നല്‍കുന്ന കാര്യം റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എല്ലാ വര്‍ഷവും 130 സൈനിക ഓഫീസര്‍മാര്‍ ഇന്ത്യയില്‍ പരിശീലിപ്പിക്കപ്പെടുന്നു. വിശ്വസിക്കാവുന്ന പങ്കാളി എന്നു മാത്രമല്ല, മേഖലയില്‍ ഏറ്റവും കൂടുതല്‍ സഹായം അഫ്ഗാനിസ്ഥാനു നല്‍കുന്നതും ഇന്ത്യയാണ്. അഫ്ഗാനിസ്ഥാന്‍ – ഇന്ത്യ ഫ്രണ്ട്ഷിപ് ഡാം, അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവ ഇതിനുദാഹരണമാണെന്ന് കോണ്‍ഗ്രസിനു സമര്‍പ്പിക്കാനുള്ള അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2016 ഡിസംബര്‍ മുതല്‍ 2017 മെയ് വരെയുള്ള കാലഘട്ടമാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്. സുരക്ഷയ്ക്കു വേണ്ടി നാല് എംഐ 35 വിമാനങ്ങള്‍ നല്‍കിയ കാര്യവും ഇതിലുണ്ട്. മധ്യേഷ്യയിലേക്കും, യൂറോപ്പിലേക്കും പാക്കിസ്ഥാനെ ആശ്രയിക്കാതെ കടന്നു ചെല്ലാന്‍ പറ്റുന്ന വിധത്തില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചബ്ഹര്‍ തുറമുഖം സൗഹൃദ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായി വിവരിക്കുന്നു. അഫ്ഗാനിസ്ഥാനും ഇന്ത്യയും വളരെ സൗഹൃദ ബന്ധം പുലര്‍ത്തുമ്പോള്‍ തന്നെ ഇരു രാജ്യങ്ങളും തങ്ങളുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ അവരുടെ രാജ്യത്തിനകത്തു നിന്ന് ഇസ്ലാമിക് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കില്ലെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. 2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 27 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ 221 കോടി രൂപയുടെ സഹായം അഫ്ഗാനിസ്ഥാന് ലഭ്യമാക്കിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.