ഇന്ത്യ-ചൈന തര്‍ക്കം;പരസ്പര വിശ്വാസമുണ്ടാകും വരെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാകില്ല

ദില്ലി: ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ മൂന്നാം മാസത്തിലേക്ക്. അന്തിമ പ്രശ്‌ന പരിഹാരം ഇനിയും സാധ്യമായിട്ടില്ല.സേനാ പിന്മാറ്റ ധാരണകള്‍ക്കിടെ അതിര്‍ത്തിയില്‍ സൈനിക ശേഷി കൂട്ടി കരുത്ത് കാട്ടുകയാണ് ഇരു രാജ്യങ്ങളും. പരസ്പര വിശ്വാസമുണ്ടാകും വരെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നത് ഇതിന് തടസമാകുന്നു. ഒടുവില്‍ വ്യപാര യുദ്ധത്തിലേക്കും ഇരുവരും മാറി കഴിഞ്ഞു. മൂന്നാം മാസത്തിലും കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തില്‍ ഒളിച്ചുകളി തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍.മെയ് 4നും അഞ്ചിനും കിഴക്കന്‍ ലഡാക്കിലെ പാംഗോഗ് നദിക്ക് സമീപം ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് ഇരു സൈന്യങ്ങളും തമ്മിലുണ്ടായ കയ്യാങ്കളി ഒടുവില്‍ നാലര പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും വലിയ മാരക ഏറ്റുമുട്ടലില്‍ വരെ എത്തി. പാംഗോഗ് നദിക്ക് സമീപം ഉണ്ടായത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.

മുന്‍കൂട്ടി തയ്യാറെടുത്ത് വന്ന ചൈന ഗല്‍വാന്‍ ഡെപ്‌സാങ്, ഹോട് സ്പ്രിംഗ്സ് പ്രദേശങ്ങളില്‍ ചരിത്ര വിരുദ്ധമായ അവകാശ വാദങ്ങള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി.ഒടുവില്‍ ഗല്‍വാനില്‍ ജൂണ് 15ന് ചൈനയുടെ ചതിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടി വന്നു. സൈനിക നയതന്ത്ര തല ചര്‍ച്ചകളില്‍ സേനാ പിന്മാറ്റ ധാരണയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കിടെയില്‍ പരസ്പര വിശ്വാസം നഷ്ടമായിരിക്കുകയാണ്. സേനയുടെ കരുത്ത് അതിര്‍ത്തിയില്‍ ഇരുവരും കൂട്ടുന്നത് ഇതിന്റെ ഭാഗമാണ്. ഇനി ഒരു പ്രകോപനമുണ്ടായാല്‍ ചൈനയ്ക്ക് കനത്ത മറുപടി നല്‍കുമെന്ന് ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. പാകിസ്താനെയും കൂട്ടുപിടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നു.ഈ അവസ്ഥയില്‍ അടുത്തെങ്ങും സേനാ പിന്മാറ്റം പൂര്‍ത്തിയാകില്ല.അതിര്‍ത്തി പുകയുന്നതിന്റെ പ്രതിഫലനം വ്യാപാര രംഗത്ത് പ്രകടം.

Loading...

59 ചൈനീസ് ആപ്പുകളുടെ നിരോധനം, കരാറുകളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കല്‍ ഇവയൊക്കെ വ്യപാര യുദ്ധത്തില്‍ ആയുധങ്ങളായി. കടന്നു കയറ്റം ചൈനയെ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുത്തി. ഇന്ത്യ- അമേരിക്ക ബാന്ധവം കൂടുതല്‍ പ്രകടമായി. ചൈനീസ് കടന്ന് കയറ്റം രാജ്യത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സൃഷ്ടിച്ച വിവാദം മൂന്നാം മാസത്തിലും സജീവമാണ്. ഒരിഞ്ചു ഭൂമിയില്‍ പോലും കടന്നു കയറ്റം നടത്തിയിട്ടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ പ്രദേശത്ത് ചൈന അപ്രമാദിത്വം സ്ഥാപിച്ചെന്ന് തെളിയിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വന്നു. കടന്നു കയറ്റം ഉണ്ടായില്ലെങ്കില്‍ എങ്ങനെ ഏറ്റുമുട്ടല്‍ ഉണ്ടായി എന്ന ചോദ്യവും ഉയര്‍ന്നു. പക്ഷെ രാജ്യത്തോട് അതിര്‍ത്തിയിലെ യഥാര്‍ത്ഥ സ്ഥിതി വിശദീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ചെവി കൊടുക്കാനേ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പകരം ദേശ സ്‌നേഹ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ മൊത്ത കച്ചവടക്കാര്‍ ചമഞ്ഞ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഞെരിച്ചു കൊന്നുകൊണ്ടേ ഇരിക്കുന്നു.