ഇന്ത്യ-ചൈന തര്‍ക്കം;പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ച

ഇന്ത്യ: അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രശ്ന പരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധി യോഗം നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാകും പങ്കെടുക്കുക. ഇന്ത്യ -ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ചൈന – പാക് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും ഇന്ത്യയ്ക്ക് എതിരെ ഒരുമിച്ച് നീങ്ങുന്നുവെന്ന അഭ്യുഹത്തിനിടെയാണ് ഇരുവരുടെയും സംഭാഷണം.അതിര്‍ത്തിയില്‍ സേനാ പിന്മാറ്റ ധാരണ പാലിക്കപ്പെടണമെങ്കില്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് നിഗമനം. എന്നാല്‍ സ്ഥിതി വേഗം ശാന്തമാകണമെന്നാണ് ഇന്ത്യയുടെ താല്‍പര്യം. ഇതിനാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ഇന്ത്യ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്നത്.

നയതന്ത്ര തല ചര്‍ച്ചയുടെ ഭാഗമായി പ്രത്യേക പ്രതിനിധി തല യോഗം വൈകാതെ ചേരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആകും ഇന്ത്യയെ നയിക്കുക. യോഗ തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല. 2019 ഡിസംബറിലാണ് ഇതിന് മുന്‍പ് അജിത് ഡോവല്‍ ചൈനീസ് പ്രതിനിധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. പാകിസ്താനും ചൈനയും ഇന്ത്യയ്ക്ക് എതിരെ ഒരുമിച്ച് നീങ്ങുന്നുവെന്ന അഭ്യുഹം തുടരവേയാണ് ചൈന – പാക് വിദേശ കാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. വിദേശ കാര്യ മന്ത്രിമാരായ ഷാ മുഹമ്മദ് ഖുറേഷി വാങ് യി എന്നിവരാണ് ചര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ടെലഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. പൊതു വെല്ലുവിളി നേരിടാന്‍ പരസ്പരം പിന്തുണയ്ക്കുന്ന പാരമ്പര്യമാണ് ഇരു രാജ്യങ്ങള്‍ക്കും ഉള്ളതെന്ന് പാക് വിദേശ കാര്യ മന്ത്രി ഷാ മുഹമ്മദ് പറഞ്ഞു.

Loading...

അതേസമയം ഗല്‍വാന്‍ സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചതായി ഒരു ദേശീയ ഇംഗ്‌ളീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 10 ദിവസം മുന്‍പായിരുന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഫോണില്‍ ബന്ധപ്പെട്ടത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണ അറിയിക്കുന്നുവെന്ന് പോംപിയോ പറഞ്ഞു.തന്ത്രപ്രധാനമായ കാരണങ്ങള്‍ കൊണ്ടാണ് ഈ സംഭാഷണ വിവരം നേരത്തെ പുറത്തുവിടാഞ്ഞത്. അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം ശക്തമായി തുടരുകയാണ് ഇന്ത്യ.സുഖോയ്,മിഗ് യുദ്ധ വിമാനങ്ങളാണ് അതിര്‍ത്തി മേഖലയില്‍ നിരന്തര പറക്കല്‍ നടത്തുന്നത്. ഗല്‍വാന്‍ നദിയില്‍ ജല നിരപ്പ് ഉയരുന്നത് ചൈനയ്ക്ക് പ്രതിസന്ധിയാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ നദീ തടത്തിലെ ടെന്റുകള്‍ ചൈനയ്ക്ക് അധിക കാലം നിലനിര്‍ത്താന്‍ ആവില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.