ഇന്ത്യ-ചൈന സംഘര്‍ഷം:ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ചൈന

ദില്ലി:ഇന്ത്യ ചൈന സംഘർഷത്തിന് പരിഹാരം ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ചൈന. ലക്ഷ്യം നേടാൻ ഇന്ത്യ ചൈനയ്ക്ക് ഒപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശ കാര്യ മന്ത്രാലയം. അതിർത്തി തർക്കം ചർച്ച ചെയ്യാൻ ഡബ്ല്യൂ. എം സി. സി യോഗം വീണ്ടും ചേർന്നേക്കും. ചൈനയ്ക്ക് എതിരായ വിമർശനം അമേരിക്ക തുടരുകയാണ്. സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു കമാണ്ടർ തല ചർച്ചയെന്നായിരുന്നു കരസേനാ വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കിയത്. ഇത് ശരിവയ്ക്കും വിധമാണ് ചൈനയുടെ പ്രതികരണം. പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുളള ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ലക്ഷ്യം നേടാൻ ഇന്ത്യ ചൈനയ്ക്ക് ഒപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. അതിർത്തി തർക്ക വിഷയങ്ങൾ കൂടിയാലോചിക്കാനും പ്രശ്ന പരിഹാര നടപടികൾ ഏകോപിപ്പിക്കാനുമുള്ള സംവിധാനമായ ഡബ്ള്യു.എം.സി.സി. യോഗം വൈകാതെ ചേരുമെന്നും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ 24ന് ജോയിന്റ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഈ യോഗം നടന്നിരുന്നു. അതിർത്തിയിലെ സ്ഥിതി ഗതികൾ പരിശോധിക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ലഡാക്കിലെത്തും. അതിർത്തി അശാന്തമായ ശേഷം ഇത് ആദ്യമായാണ് പ്രതിരോധ മന്ത്രി ലഡാക്കിൽ എത്തുന്നത്. കരസേനാ മേധാവി എം എം നരവനെയും അദ്ദേഹത്തെ അനുഗമിക്കും. അതിർത്തി മേഖലയിലും രാജ്നാഥ് സിംഗ് സന്ദർശനം നടത്തുമെന്ന് സൂചനകളുണ്ട്.

Loading...

അതേസമയം ഹോംകോങ്ങുമായി ബന്ധപ്പെട്ട ചൈനീസ് ഇടപെടലുകൾ ചൂണ്ടിക്കാട്ടി നയതന്ത്ര തലത്തിൽ ചൈനയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ. ബന്ധപ്പെട്ട കക്ഷികൾ വിഷയം ഗൗരവത്തിൽ എടുത്ത് ശരിയായ പ്രശ്ന പരിഹാരം ഉറപ്പാക്കണമെന്നായിരുന്നു. യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആവശ്യപ്പെട്ടത്. നിരവധി ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശമാണ് എന്ന ആശങ്ക മുൻ നിർത്തിയാണ് ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറാവുന്നത്. അതേസമയം ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ ചൈനയ്ക്ക് എതിരായ വിമർശനം അമേരിക്ക തുടരുകയാണ്. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളോട് ചൈന പ്രകടിപ്പിക്കുന്ന അക്രമണോൽസുകത അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ച് പ്രസ് സെക്രട്ടറി കുറ്റപ്പെടുത്തി