രാ​ജ്യ​ത്ത് അമ്പ​തോ​ളം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്

ന്യൂഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാപനത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് രാജ്യം. വൈറസ് വ്യാപനം തടയാനുള്ള ലോക്ഡൗണിനോട് ജനം സഹകരിച്ചുവെങ്കിലും ഇന്നും കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കാജനകമായ വസ്തുതയാണ്. അതേസമയം രാ​ജ്യ​ത്ത് ഡോ​ക്ട​ര്‍​മാ​രു​ടെ ഇ​ട​യി​ല്‍ കോ​വി​ഡ് ബാ​ധ കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. അ​മ്പ​തോ​ളം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. മ​തി​യാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​ര​ത്തി​ല്‍ രോ​ഗം ബാ​ധി​ക്കു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. മാ​സ്ക്കു​ക​ള്‍​ക്ക് ഏ​റെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ നാ​ലു ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് വൈ​റ​സ് പി​ടി​പെ​ട്ടി​രു​ന്നു. ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് മാ​ത്ര​മ​ല്ല മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം പി​ടി​പെ​ടു​ന്ന​തി​ന്‍റെ വാ​ര്‍​ത്ത​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്നു​ണ്ട്.

രാ​ജ്യ​ത്തെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും വേ​ണ്ട​ത്ര സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് എ​യിം​സി​ലെ റ​സി​ഡ​ന്‍റ് ഡോ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ശ്രീ​നി​വാ​സ് രാ​ജ്കു​മാ​ര്‍ പ​റ​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ന്‍ പോ​ലും പ​ല​രും ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും ശ്രീ​നി​വാ​സ് പ​റ​യു​ന്നു. ഒ​പ്പം ഗൗ​ണു​ക​ളും കൈ​യു​റ​ക​ളു​മ​ട​ക്കം രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും പ​ല ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മ​ല്ല. പ്ര​തി​കൂ​ല അ​വ​സ്ഥ​യി​ലും ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണ് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും. കൊ​റോ​ണ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ മു​ന്നി​ല്‍നി​ന്നു യു​ദ്ധം ചെ​യ്യു​ന്ന​വ​രാ​ണ് ഡോ​ക്ട​ര്‍​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും. അ​വ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച്‌ രാ​ജ്യം കു​റ​ച്ചു​കൂ​ടി ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണ​മെ​ന്നും നി​ല​വാ​ര​മു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ശ്രീ​നി​വാ​സ് രാ​ജ്കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Loading...

അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേർ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി. കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്. 13 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേർ. മധ്യപ്രദേശിൽ ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ദില്ലിയിലും നാല് പേർ വീതം പേർ മരിച്ചു.