ബംഗ്ളാദേശിനെതിരെ ഉജ്ജ്വല വിജയവുമായി ഇന്ത്യ സെമിയില്‍

മെൽബൺ: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബംഗ്ളാദേശിനെ 109 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 303 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ളാദേശ് 45 ഓവറിൽ 193 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി ഉമേഷ് യാദവ് നാലും മുഹമ്മദ് ഷാമി,​ രവീന്ദ്ര ജഡേജ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി. പാകിസ്ഥാൻ-ആസ്ട്രേലിയ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയികളാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.

നാസിർ ഹുസൈൻ (35)​,​ സബീർ റഹ്മാൻ (30) ​എന്നിവർ മാത്രമാണ് ബംഗ്ലാ നിരയിൽ അൽപമെങ്കിലും പിടിച്ചു നിന്നത്.

Loading...

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു. രോഹിത് ശർമയുടെ സെഞ്ച്വറിയും സുരേഷ് റെയ്‌നയുടെ അർദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 126 പന്തിൽ 14 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. 137 റൺസെടുത്ത രോഹിത് തസ്കിൻ അഹമ്മദിന്റെ മനോഹരമായ ഒരു യോർക്കറിലാണ് പുറത്തായത്. 57 പന്തിൽ ഏഴു ഫോറും ഒരു സിക്സറും അടക്കമാണ് റെയ്ന 65 റൺസെടുത്തത്.

ഇന്നിംഗ്സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ച് രോഹിത് ശർമ വരവറിയിച്ചു. സ്കോർ ബോർഡിൽ 75 റൺസുള്ളപ്പോൾ ഓപ്പണർമാരിലൊരാളായ ശിഖർ ധവാൻ (30)​ പുറത്തായി. ഷക്കീബ് അൽ ഹസന്റെ പന്തിൽ മുഷ്ഫിക്കർ റഹിം സ്റ്റന്പ് ചെയ്യുകയായിരുന്നു. നാല് റൺസ് ചേർക്കുന്നതിനിടെ വിരാട് കോഹ്‌ലി (3)​യും പുറത്തായി. തുടർന്ന് വന്ന അജിങ്ക രഹാനെ (19)​ താളം കണ്ടെത്താൻ വിഷമിച്ചതോടെ ഇന്ത്യയുടെ സ്കോറിംഗിന് വേഗം കുറഞ്ഞു. ഇരുപത്തിയെട്ടാം ഓവറിൽ രഹാനെ പുറത്തായി. തുടർന്ന് ഒത്തുചേർന്ന രോഹിതും റെയ്നയും സ്കോർബോർഡ് ചലിപ്പിച്ച് റൺനിരക്ക് താഴാതെ നോക്കി. നാലാം വിക്കറ്റിൽ 15.5 ഓവറിൽ 122 റൺസ് ചേർത്ത് ഇന്നിംഗ്സിന് അടിത്തറയിട്ടു. നാൽപത്തിമൂന്നാം ഓവറിൽ റെയ്ന പുറത്താവുന്പോൾ 237 റൺസായിരുന്നു സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. തുടർന്ന് ധോണിയുമായി ചേർന്ന് രോഹിത് ഇന്ത്യൻ സ്കോർ ഉയർത്തി. എന്നാൽ അവസാന ഓവറുകളിൽ വന്പൻ അടികൾക്ക് പേരുകേട്ട ധോണിക്ക് കാര്യമായി ഒന്നും ചെയ്യാനാവാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 36 റൺസിൽ ധോണിയുടെ സംഭാവന മൂന്ന് റൺസ് മാത്രമായിരുന്നു. നാൽപത്തിയേഴാം ഓവറിൽ രോഹിത് പുറത്താവുന്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയിരുന്നു. പിന്നാലെ വന്ന രവീന്ദ്ര ജഡേജ വന്പൻ അടികളിലൂടെ സ്കോർ മുന്നൂറ് കടത്തുകയായിരുന്നു. 10 പന്തിൽ നിന്ന് നാലു ഫോറുകളടക്കം23 റൺസെടുത്ത് ജഡേജ പുറത്താവാതെ നിന്നു.