അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് പ്രകോപനം… സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ശനിയാഴ്ച രാവിലെയാണ് പാക്കിസ്ഥാന്‍ വെടിവെയ്പ്പ് നടത്തിയത്.

ലാന്‍സ് നായിക് സന്ദീപ് താപ(35) ആണ് പാക്ക് വെടിവെയ്പ്പില്‍ വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ തുടരെ പാക്ക് പ്രകോപനം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു.

നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചതിനു പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാലു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ പൂഞ്ച്, രജൗരി ജില്ലകളില്‍ നടത്തിയ ഷെല്ലിങ്ങില്‍ രണ്ട് സൈനികര്‍ക്കും പത്തു ദിവസം പ്രായമായ കുഞ്ഞിനും ജീവന്‍ നഷ്ടമായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.