ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ യുദ്ധത്തിനൊരുങ്ങുന്നു? അതിര്‍ത്തിയിൽ പാക്കിസ്ഥാൻ്റെ പോര്‍ വിമാനങ്ങള്‍

ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ പടയൊരുക്കം. ലഡാക്ക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തങ്ങളുടെ പോര്‍ വിമാനങ്ങള്‍ വിന്യസിക്കുന്നതായി വിവരം. എന്നാല്‍ പാക്കിസ്ഥാന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി ഇന്ത്യ നിരീക്ഷിച്ച് വരികയാണ്. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേര്‍ന്നുള്ള സ്‌കര്‍ദു എയര്‍ ബേസിലാണ് പാക് വിമാനങ്ങള്‍ കാണപ്പെട്ടത്. സി 130 എന്ന് പേരുള്ള മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളാണ് പാക്കിസ്ഥാന്‍ ഇവിടെ ഇറക്കിയതെന്നും വിവരമുണ്ട്. പോര്‍ വിമാനങ്ങള്‍ക്ക് ആവശ്യമുള്ള പടക്കോപ്പുകള്‍ വഹിക്കുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.

ഈ എയര്‍ ബേസില്‍ ഇത്തരത്തില്‍ ഏതാനും വിമാനങ്ങള്‍ പാക്കിസ്ഥാന്‍ ഇറക്കിയിട്ടുണ്ട്. അധികം വൈകാതെ പാക്കിസ്ഥാന്റെ പോര്‍ വിമാനങ്ങളായ ജെ.എഫ് 17 ഫൈറ്റര്‍ ഇവിടേക്ക് എത്തുമെന്നും വിവരമുണ്ട്. തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഒരു വ്യോമയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിലും വിവരമുണ്ട്. ഇതിന്റെ ഒരുക്കം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പറയപ്പെടുന്നു.

പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേര്‍ന്ന് കിടക്കുന്ന സ്‌കര്‍ദു എയര്‍ ബേസ്. ഇന്ത്യയ്‌ക്കെതിരെ ഉള്ള സൈനിക ഓപ്പറേഷനുകള്‍ക്ക് പാകിസ്ഥാന്‍ ഈ വ്യോമത്താവളത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പാകിസ്ഥാന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അതിര്‍ത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് ഇന്ത്യ കരുതുന്നത്.