കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങി പാക്ക് ആഭ്യന്തര മന്ത്രാലയം

ഇസ്ലാമാബാദ്  : പാക്ക് സൈനിക കോടതി വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പാക്ക് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. പാക്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹേഗിലെ രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് പാകിസ്താന്‍ ആരോപിച്ചു.

സുരക്ഷാസംബന്ധമായ വിഷയങ്ങളില്‍ സ്വന്തം തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും അധികാരമുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെ ജാദവിന്റെ പാക്ക് വിരുദ്ധ നീക്കങ്ങള്‍ക്കുള്ള തെളിവുകള്‍ നിരത്തി ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും പാകിസ്താന്‍ അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

രാജ്യത്തു നടക്കുന്ന ‘ഭരണകൂട ഭീകരത’യില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ ഇന്ത്യ ജാദവിന്റെ വധശിക്ഷയെ ഉപയോഗിക്കുകയാണെന്നു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് അസിഫ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വിധി തള്ളിയ പാക്ക് മാധ്യമങ്ങള്‍ പാക്കിസ്ഥാനുമേല്‍ രാജ്യാന്തരക്കോടതിക്ക് അധികാരമില്ലെന്നും വാദിച്ചു.

ചാരക്കുറ്റമാരോപിച്ചാണു കുല്‍ഭൂഷന്‍ ജാദവിനെ (46) പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണു രാജ്യാന്തര കോടതിയുടെ വിധി.

ഐസിജെ വിധി നടപ്പാക്കാന്‍ പാക്കിസ്ഥാനു നിയമപരമായ ബാധ്യതയുണ്ടെന്ന് ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര കോടതിയെ സമീപിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രാജ്യാന്തരക്കോടതിയുടെ അധികാരപരിധിയില്‍ വരുമെന്ന ജനീവ കരാറില്‍ 1963 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ടതാണെന്നു സാല്‍വെ ചൂണ്ടിക്കാട്ടി.