ഷാര്‍ജ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ക്കു വീണ്ടും വേദിയൊരുങ്ങുന്നു. ആദ്യപരമ്പര ഷാര്‍ജയില്‍. അഞ്ച് ഏകദിനം, മൂന്ന് ടെസ്റ്റ്, രണ്ട് ട്വന്റി ട്വന്റി പരമ്പരകള്‍ക്കാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ബിസിസിഐ അധ്യക്ഷന്‍മാര്‍ തമ്മില്‍ ധാരണ യായിരിക്കുന്നത്.  ഡിസംബറില്‍ ആദ്യ പരമ്പര യുഎഇയില്‍ നടക്കും. എട്ടുവര്‍ഷങ്ങള്‍ക്കുള്ളിലായിരിക്കും അഞ്ച് ഏകദിന പരമ്പരകള്‍ നടക്കുക.

മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകദിന പരമ്പര നടക്കുന്നത്. 2012 ഡിസംബറില്‍  നടന്ന അവസാന ഏകദിന പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് പാകിസ്താന്‍ പരമ്പര നേടിയിരുന്നു. 2007 നവംബറിലായിരുന്നു അവസാന ടെസ്റ്റ്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരെണ്ണം ഇന്ത്യ നേടി. രണ്ടെണ്ണം സമനിലയില്‍ അവസാനിച്ചു. വരുന്ന എട്ടുവര്‍ഷത്തിനിടയില്‍ അഞ്ച് ഏകദിന പരമ്പര കൂടാതെ മൂന്നു ടെസ്റ്റ് പരമ്പരകളും ഇരു രാജ്യങ്ങളും തമ്മിലുണ്ടാകും. ഇവയുടെ വേദികള്‍ സമയാസമയം നിശ്ചയിക്കും. ഇരു രാജ്യങ്ങളുടെയും അനുമതി ലഭിച്ചശേഷമായിരിക്കും സമയക്രമവും വേദികളും തീരുമാനിക്കുക.

Loading...

ഇതുവരെ അറുപത് ടെസ്റ്റുകളാണ് ഇരു രാജ്യങ്ങളും കളിച്ചിരിക്കുന്നത്. അവയില്‍ 12 എണ്ണം പാകിസ്താന്‍ ജയിച്ചു. ഒമ്പതെണ്ണത്തിലാണ് ഇന്ത്യക്കു ജയിക്കാനായത്. 38 എണ്ണം സമനിലയില്‍ അവസാനിച്ചു. 127 ഏകദിനങ്ങളില്‍ 72 എണ്ണം പാകിസ്താനും 51 എണ്ണം ഇന്ത്യയും ജയിച്ചു. 4 എണ്ണം സമനിലയായി പ്രഖ്യാപിച്ചു. ട്വന്റി ട്വന്റികളില്‍ ആറില്‍ ഒന്നില്‍ മാത്രമാണ് പാകിസ്താന്‍ ജയിച്ചത്. നാലിലും ഇന്ത്യക്കായിരുന്നു ജയം. ഒരെണ്ണം സമനിലയായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗം കൂടിയാണ് ക്രിക്കറ്റ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നിരുന്നു. ഇന്ത്യന്‍ താരങ്ങളെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ആശംസിച്ചിരുന്നു.