ജമ്മു കാശ്മീരിന് നല്‍കി വന്നിരുന്ന പ്രത്യേകപദവി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയുടെ 370, 35A അനുച്ഛേദങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കിയതിനെ തുടര്‍ന്ന് നയതന്ത്ര പ്രതിരോധവുമായി ഇന്ത്യ. വിഷയത്തില്‍ പാകിസ്താന്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്ത്യ നയതന്ത്രതലത്തിലുള്ള മുന്നൊരുക്കങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നത്.
രക്ഷാസമിതി അംഗങ്ങളോടും താല്‍കാലിക അംഗങ്ങളോടും ഇന്ത്യയുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലെ പ്രതിനിധികളോടും ഇതു സംബന്ധിച്ച കാര്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോട് കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ വിഷയത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാസമിതിയിലെ താല്‍കാലിക അംഗങ്ങളായ ബെല്‍ജിയം, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ജര്‍മനി, ഇന്‍ഡോനീഷ്യ, കുവൈത്ത്, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളോടും വിശദീകരിച്ചു.
ജമ്മു കാശ്മീരില്‍ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും ഇതിലൂടെ സാമൂഹിക നീതി ഉറപ്പുവരുത്താന്‍ സാധിക്കുമെന്നുമാണ് ഈ പ്രതിനിധികളോട് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കൂടാതെ ഇതിനായി പാര്‍ലമെന്റ് സ്വീകരിച്ച നടപടികളും വിദേശകാര്യ മന്ത്രാലയം രക്ഷാസമിതി അംഗങ്ങളോട് മറ്റ് പ്രതിനധികളോടും വിശദീകരിച്ചുവെന്നാണ് വിവരം.
ഇന്ത്യയുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ബഹുരാഷ്ട്ര കൂട്ടായ്മകളായ ആസിയാനിലെ അംഗരാജ്യങ്ങള്‍ക്ക് മുന്നിലും ഇന്ത്യ നിലപാട് വിശദീകരിച്ചിട്ടുണ്ട്. ലാറ്റിനമേരിക്ക, കരീബീയ എന്നീ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളുടെ പ്രതിനിധികളോടും ഇന്ത്യ നിലപാട് വിശദീകരിക്കും.