ന്യൂഡല്‍ഹി: സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള സ്‌പൈക് മിസൈലുകള്‍ ഇസ്രയേലില്‍നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി ആര്‍ ഡി ഒ. എന്നാല്‍ ഇതിന് മൂന്നുവര്‍ഷം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇസ്രയേലില്‍നിന്ന് സ്‌പൈക് മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടൻ തന്നെ സ്പൈക് മിസൈല്‍ വാങ്ങും.
ഇസ്രയേലിൽനിന്നു 3250 കോടി രൂപയ്ക്കു സ്പൈക് ആന്റി ടാങ്ക് മിസൈലുകൾ വാങ്ങാനുള്ള പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറിയത് ഈ വർഷം ആദ്യത്തിലാണ്. ഈ തെറ്റായ നീക്കം ഇന്ത്യയ്ക്ക് വൻ തിരച്ചടിയാകുമെന്ന് വരെ വിദഗ്ധർ നിരീക്ഷിച്ചിരുന്നു. അന്തിമ കരാറിൽ ഒപ്പിടും മുൻപാണ് ഇന്ത്യയുടെ പിൻമാറ്റമെന്ന് ഇസ്രയേൽ പ്രതിരോധ ഉൽപന്ന നിർമാതാക്കളായ റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും പറഞ്ഞിരുന്നു. അതിർത്തിയിൽ പാക്കിസ്ഥാനെ നേരിടാൻ ഏറ്റവും മികച്ച ആയുധമാണ് സ്പൈക് മിസൈൽ.