കൊറോണ; ഇന്ത്യക്കാരെ വെള്ളിയാഴ്ച നാട്ടിലെത്തിക്കാന്‍ നീക്കം

ബെയ്ജിങ്: കൊറോണയുടെ ഉത്ഭവ കേന്ദ്രം വുഹാനില്‍ നിന്നും ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കാന്‍ തീരുമാനം. ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിക്കാനാണ് നീക്കം. ഇതിനുള്ള അനുമതി ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി പടര്‍ന്ന ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് നീക്കം.വെള്ളിയാഴ്ച വൈകീട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

വുഹാന്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള ഇന്ത്യക്കാരെയാവും ആദ്യ വിമാനത്തില്‍ ഒഴിപ്പിക്കുക. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന. ഹുബൈ പ്രവിശ്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവരെയാവും രണ്ടാമത്തെ വിമാനത്തില്‍ ഒഴിപ്പിക്കുക. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെയെണ്ണം 170 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 38 ലേറെപ്പേര്‍ മരിച്ചത് ഹുബൈ പ്രവിശ്യയിലാണ് 1700ലേറെ പേര്‍ക്ക് പുതുതായി വൈറസ് ബാധിച്ചതായും ചൈനീസ് അധികൃതര്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 7711 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Loading...

വൈറസ് ബാധ 16 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നകാര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും.ഇന്ത്യയ്ക്ക് പുറമെ യു.കെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ ചൈനയില്‍നിന്ന് ഒഴിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാന്‍ സാധ്യതയുണ്ട് എന്ന് ചൈനയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് ഈ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് അടിയന്തിരമായി പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രളയാനന്തര പകര്‍ച്ച വ്യാധികളെ ഫലപ്രദമായി നേരിടുവാന്‍ സാധിച്ചത് പൊതുജനങ്ങളുടെ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ്. താഴെ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊറോണ രോഗ ബാധയേയും നമുക്ക് വളരെ വേഗം തടയാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍ തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീട് വിട്ട് പുറത്ത് പോകാന്‍ പാടുള്ളു. ഇതിനുവേണ്ടിയും ദിശ നമ്പറില്‍ വിളിച്ച് (04712552056) നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.

എപ്പോഴെങ്കിലും പനി , ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട ശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം കൊറോണ മുന്‍ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.