ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രി

ദില്ലി: കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വര്‍ദ്ധൻ. ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ മനസ്സിലാകുന്നത്. രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർഷ് വര്‍ദ്ധൻ. ലോക്ക് ഡൗണിന് മൂന്നാഴ്ചയോ അതിൽ അധികമോ സമയം ഇനിയും വേണ്ടി വരുമെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്. ‌

കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാട്ടുന്നുവെന്ന് ഹർഷ് വര്‍ദ്ധൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് 4100 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചക്ക് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച. ലോക്ക് ഡൗൺ നീട്ടുമോ എന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച സമഗ്ര ചിത്രം തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ചര്‍ച്ചയെന്നാണ് സംസ്ഥാനങ്ങളുമായുള്ള വിപുലമായ യോഗം എന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയും ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ നിര്‍ണ്ണായകമാകും.

Loading...

നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. ലോക്ക്‌ ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്‌ ഡൗണ്‍ ഒറ്റയടിക്ക് നീക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക, ഉത്തര്‍ പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ആസാം, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാട്ടില്‍ പതിനഞ്ചുദിസവത്തേക്കുകൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുക.