കുവൈത്തിന് ഗോതമ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ

ഇന്ത്യ ഗോതമ്പ് കയറ്റുമതിയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡറെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കയറ്റുമതി വിലക്കില്‍ നിന്ന് കുവൈത്തിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരീആന്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊവിഡ് കാലത്ത് ഇന്ത്യയിലുണ്ടായ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി കുവൈത്ത് 215 മെട്രിക് ടണ്‍ ഓക്സിജനും ആയിരത്തിലധികം ഓക്സിജന്‍ സിലിണ്ടറുകളും നല്‍കിയത് അംബാസഡര്‍ അനുസ്‍മരിച്ചു. കുവൈത്ത് വാണിജ്യ – വ്യവസായ മന്ത്രി ഫഹദ് അല്‍ ശരീആനുമായുള്ള കൂടിക്കാഴ്ചയിലാണ് കുവൈത്തിന് ആവശ്യമായ ഭക്ഷ്യ വസ്‍തുക്കള്‍ എത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന വിവരം കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Loading...

കുവൈത്തിന് ആവശ്യമുള്ള ഗോതമ്പ് ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ വസ്‍തുക്കളും നല്‍കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ ഏര്‍പ്പെടുത്തിയ കയറ്റുമതി വിലക്കിനെ തുടര്‍ന്ന് കുവൈത്ത് വിപണിയില്‍ ഗോതമ്പിന്റെ വില വര്‍ദ്ധിച്ചതോടെ ഇന്ത്യയില്‍ നിന്ന് ഗോതമ്പ് ലഭ്യമാക്കാന്‍ നയതന്ത്ര തലത്തില്‍ കുവൈത്ത് ശ്രമങ്ങള്‍ നടത്തിയിരുന്നു.