ഇനി ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്റെ മുട്ടിടിക്കും, അസ്ത്ര വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്റെ മുട്ടിടിക്കും. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച എയര്‍ ടു എയര്‍ മിസൈലായ അസ്ത്ര വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ യുദ്ധവിമാനമായ സുഖോയില്‍ നിന്നാണ് 5500 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന അസ്ത്ര തൊടുത്തുവിട്ടത്. ഏത് പ്രതികൂലമായ കാലാവസ്ഥയിലും 70 കിമി അപ്പുറത്തുള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്നതാണ് അസ്ത്ര മിസൈല്‍.

മിസൈല്‍ ഒഡിഷ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ചാണ് വിമാനത്തില്‍ നിന്ന് തൊടുത്തത്. ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ്(ഡി.ആര്‍.ഡി.ഒ) മിസൈല്‍ വികസിപ്പിച്ചെടുത്തത്. ലക്ഷ്യസ്ഥാനത്തെ തിട്ടപ്പെടുത്തി വിജയകരമായി മിസൈല്‍ അതിനെ തകര്‍ത്തു എന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Loading...

വിവിധ റഡാറുകള്‍, ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സിസ്റ്റം (ഇ.ഒ.ടി.എസ്), സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് മിസൈല്‍ ട്രാക്കുചെയ്താണ് പരീക്ഷണം വിജയകരമായി നടപ്പിലാക്കിയത്. പരീക്ഷണം വിജയകരമായി നടത്തിയതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആര്‍.ഡി.ഒ, വ്യോമസേന ടീമുകളെ അഭിനന്ദിച്ചു.

70 കിലോമീറ്ററിലധികം ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുളള തദ്ദേശീയമായി നിര്‍മ്മിച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടുഎയര്‍ മിസൈലാണ് അസ്ത്ര. മണിക്കൂറില്‍ 5,555 കിലോമീറ്ററിലധികം വേഗത്തില്‍ മിസൈലിന് ലക്ഷ്യത്തിലേക്ക് പറക്കാന്‍ കഴിയും. ഇതിന് 15 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ കഴിയും. ഡി.ആര്‍.ഡി.ഒയും മറ്റ് 50 പൊതു, സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് അസ്ത്ര മിസൈല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.