കൊറോണ വൈറസ്; അഫ്ഗാനിസ്ഥാനിലെ സാമ്പിളുകള്‍ ഇന്ത്യയില്‍ പരിശോധിക്കും

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും തുടങ്ങി ലോകരാജ്യങ്ങളെ തന്നെ വിറപ്പിക്കുന്ന കൊറോണ വൈറസ് ബാധയെ തുരത്താനുള്ള ശ്രമത്തിലാണ് ലോകം ഒന്നടങ്കം . ചൈനയിലെ മരണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുകയാണ്. കേരളത്തില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്നതാണ് നമുക്ക് ആശ്വസിക്കാനുളഅളഥ്. ഇന്ത്യയില്‍ സ്ഥിരീകരിച്ച 3 കൊറോണ വൈറസ് ബാധയും കേരളത്തിലാണ് എന്നതാണ് ശ്രദ്ധേയം. അതേസമയം അഫ്ഗാനിസ്ഥാനില്‍ കൊറോണ ബാധ സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ഇന്ത്യയിലേക്കയക്കാന്‍ തീരുമാനമായി. അഫ്ഗാനിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ ഇന്ത്യയിലയക്കാന്‍ തീരുമാനമായത്.കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനാണ് ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്.കൊറോണ വൈറസ് ഭീഷണി നേരിടാന്‍ മറ്റ് അയല്‍രാജ്യങ്ങളെയും സഹായിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മാലദ്വീപില്‍ നിന്നുള്ള സാമ്പിളുകളുടെ പരിശോധന തുടങ്ങിക്കഴിഞ്ഞു. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനും ഭൂട്ടാന് സാങ്കേതിക സഹായം നല്‍കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 908 പേരാണ് മരിച്ചത്. 40,171 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍നിന്ന തുടങ്ങിയ വൈറസ് വ്യാപനം പിന്നീട് ചൈനയിലെ എല്ലാ പ്രവിശ്യകളിലും എത്തി. ചൈനയ്ക്ക് പുറമെ ലോകത്തെ 27 രാജ്യങ്ങളിലുള്ള 354 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Loading...

അതേസമയം കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഹോങ് കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. 3688 യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടത്. ഇതിനിടെ ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. പിടിച്ചിട്ട കപ്പലുകളില്‍ ഇന്ത്യക്കാരുണ്ടെന്ന് വിദേശകര്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. രണ്ടുകപ്പലുകളിലും വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഹോങ് കോങ് തീരത്ത് പിടിച്ചിട്ട കപ്പലിലെ ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ ഈ കപ്പലിലെ മൂന്നുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍ തീരത്തുള്ള കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്നാണ് ജപ്പാന്‍ ഇപ്പോള്‍ പറയുന്നത്. ഈ കപ്പലില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. വിദേശകാര്യമന്ത്രാലയം കപ്പലിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യക്കാരെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ കുറച്ചു ദിവസത്തിനുള്ളില്‍ പുറത്തുവരും.

കൊറോണ വരിഞ്ഞ് മുറുക്കുമ്പോഴും തളരാതെ അതിജീവനത്തിനായി പൊരുതുകയാണ് ചൈനീസ് ജനത. കൊടുങ്കാറ്റിനും കടല്‍ക്ഷോഭത്തിനും തകര്‍ക്കാനാവില്ല നമ്മുടെ രാജ്യപുരോഗതിയെ. ചാന്ദ്ര പുതുവര്‍ഷത്തിന്റെ അവധിയാഘോഷങ്ങളിലേക്കു രാജ്യം പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പു നടന്ന പൊതുചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പറഞ്ഞ വാക്കുകളാണിത്. തലസ്ഥാനമായ ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ തന്റെ ജനതയ്ക്ക് കരുത്ത് പകരുകയായിരുന്നു ഷീ. ചൈന പുരോഗതിയിലേക്കു കുതിക്കുന്ന ഇക്കാലത്ത് ഇവിടെ ജീവിക്കാന്‍ സാധിച്ചതില്‍ ഓരോ പൗരനും അഭിമാനിക്കാനാകണം. വരും വര്‍ഷം ഇതിലേറെ പുരോഗതികളുടേതായിരിക്കുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ഷി പറഞ്ഞു.