പാക് അധീന കശ്മീരില്‍ നിന്നും പാകിസ്താന്‍ പിന്‍വാങ്ങണം; ഐക്യരാഷ്‌ട്ര സഭയില്‍ താക്കീതുമായി ഇന്ത്യ

ജനീവ : പാക് അധീന കശ്മീരില്‍ നിന്നും പാകിസ്താന്‍ എത്രയും വേഗം പിന്‍വാങ്ങണമെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി സ്‌നേഹ ദുബെ ആണ് പാകിസ്താന് ശക്തമായ താക്കീത് നല്‍കിയത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതു തുടര്‍ന്നാല്‍ പാകിസ്താന്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും സ്‌നേഹ ആവര്‍ത്തിച്ചു.

76ാമത് ജനറല്‍ അസംബ്ലിയെ വെര്‍ച്വലായി അഭിസംബോധന ചെയ്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനോടായിരുന്നു സ്‌നേഹയുടെ പ്രതികരണം. ഇമ്രാനെതിരെ രൂക്ഷവിമര്‍ശനമാണ് സഭയില്‍ ഇന്ത്യ ഉന്നയിച്ചത്.

Loading...

ഇന്ത്യയ്‌ക്കെതിരെ കുപ്രചാരണം നടത്താന്‍ ഇമ്രാന്‍ഖാന്‍ തുടര്‍ച്ചയായി ഐക്യരാഷ്‌ട്രസഭയുടെ വേദി ഉപയോഗിക്കുന്നത് ഖേദകരമാണെന്ന് സ്‌നേഹ ദുബൈ പറഞ്ഞു. ഭീകരരുടെ താവളമായ പാകിസ്താന്റെ ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം വിഫലമാണ്. ഭീകരര്‍ക്ക് പിന്തുണ, പരിശീലനം, സാമ്ബത്തിക സഹായം എന്നിവ നല്‍കുന്ന രാജ്യമാണ് പാകിസ്താനെന്ന വസ്തുത ആഗോള സമൂഹത്തിന് അറിയാമെന്നും സ്‌നേഹ ആഞ്ഞടിച്ചു.

ജമ്മു കശ്മീരിന്റെ മുഴുവന്‍ പ്രദേശങ്ങളും ഇന്ത്യയുടേതാണ്. ഇതില്‍ പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കശ്മീരും ഉള്‍പ്പെടുന്നു. എത്രയും വേഗം പ്രദേശങ്ങള്‍ ഇന്ത്യയ്‌ക്ക് വിട്ടു നല്‍കുന്നതാണ് നല്ലതെന്നും സ്‌നേഹ താക്കീത് നല്‍കി.